കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലൻ ഷുഹൈബ് എന്നിവർക്ക് കോടതി ജാമ്യം നിഷേധിച്ചു. കോഴിക്കോട് പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
യുഎപിഎ നിലനിൽക്കില്ലെന്നും നിരോധിത സംഘടനയുടെ ഭാഗമാണെന്നതിനു തെളിവില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു. അതേസമയം, കേസിൽ യുഎപിഎ നിലനിൽക്കുമെന്ന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ചത്.

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ തുടരന്വേഷണത്തെ ബാധിക്കുമെന്നുമെന്ന നിലപാടാണു പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്. അതേസമയം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. കസ്റ്റഡി അപേക്ഷ ഉടന്‍ നല്‍കുമോയെന്ന് വ്യക്തമായിട്ടില്ല.

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു പ്രതി അഭാഷകന്‍ എം.കെ.ദിനേശന്‍ പറഞ്ഞു. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും താഹാ ഫസലിന്റെ കുടുംബാംഗങ്ങളും പറഞ്ഞു.പഅന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്കു കോടതി അനുമതി നല്‍കി.

കേസിൽ യുഎപിഎ നിലനിൽക്കുമെന്ന നിലപാടിനെ സാധൂകരിക്കാനായി പ്രതികളിൽനിന്ന് പിടിച്ചെടുത്തതെന്ന് ആരോപിക്കുന്ന മാവോയിസ്റ്റ് രേഖകളും നോട്ടിസും പുസ്തകങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.

Read More: യുഎപിഎ പിൻവലിക്കില്ല; പ്രതികൾ മാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായി എഫ്‌ഐആർ

കേസിൽ യുഎപിഎ നടപടി റദ്ദാക്കുന്നത് പുനഃപരിശോധിക്കാൻ പ്രോസിക്യൂഷൻ കഴിഞ്ഞദിവസം കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇരുഭാഗത്തിന്‍റെയും വാദം കേട്ടശേഷം കേസ് മാറ്റിവയ്ക്കുകയായിരുന്നു.

പൊലീസ് റിപ്പോര്‍ട്ടില്‍ മാവോയിസ്റ്റെന്നു പറയുന്നുണ്ടെന്നു കോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികള്‍ വിദ്യാര്‍ഥികളും സിപിഎം പ്രവര്‍ത്തകരുമെന്ന് പ്രതിഭാഗം വാദിച്ചു. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

പ്രതികൾക്ക് ജാമ്യം അനുവദിക്കാനാകില്ലെന്നും അറസ്റ്റിലായവര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കഴിഞ്ഞദിവസം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പൊലീസ് ശേഖരിച്ച തെളിവുകൾ എല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

അലനും താഹയും തങ്ങൾ മാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായാണു പൊലീസ് എഫ്ഐആറിൽ പറയുന്നത്. യുഎപിഎ ചുമത്തിയതിനെ ന്യായീകരിക്കുന്നതാണ് എഫ്ഐആർ. പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ വിദ്യാർഥികളെ കണ്ടതിനെ തുടർന്നാണ് ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ അലന്റെ ബാഗിൽ നിന്ന് മാവോവാദി അനുകൂല നോട്ടീസുകൾ പിടിച്ചെടുത്തെന്നും എഫ്ഐആറിൽ പറയുന്നു.

മൂന്നു പേരാണ് ഉണ്ടായിരുന്നുവെന്നും ഒരാൾ ഓടി രക്ഷപ്പെട്ടുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. സിപിഐ മാവോയിസ്റ്റ് ഇറക്കിയ നിരോധിത പുസ്തകം പ്രതികളിൽനിന്ന് കണ്ടെത്തി. പ്രതികൾ സിപിഐ മാവോയിസ്റ്റ് അംഗങ്ങളാണെന്ന് ഉത്തമബോധ്യമുള്ളതിനാൽ കേസ് ചുമത്തുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

അതേസമയം, പ്രതികൾക്കെതിരായ യുഎപിഎ പിൻവലിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾ സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് പൊലീസ്. ഇരുവരും സിപിഐ മാവോയിസ്റ്റുകളാണെന്നും മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തത് തെളിയിക്കുന്ന മിനുട്സ് ഉൾപ്പടെയുള്ള രേഖകൾ കിട്ടിയെന്നും പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വയനാട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ നടന്ന യോഗങ്ങളിലാണ് അലനും താഹയും പങ്കെടുത്തത്.

ഇരുവരുടെയും ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ചാണെന്നും പൊലീസ് പറഞ്ഞു. യുഎപിഎ കേസിൽ നേരത്തെ അറസ്റ്റിലായവരുമൊത്ത് നിൽക്കുന്ന ഫൊട്ടോകളും പിടിച്ചിട്ടുണ്ട്. സായുധ പോരാട്ടം നടത്തേണ്ടത് എങ്ങനെയെന്നുള്ള പുസ്തകങ്ങൾ ഇരുവരുടെയും പക്കൽ നിന്നും പിടികൂടിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു. താഹയുടെ വീട്ടിൽ നിന്നു ലഭിച്ച രേഖകളുടെ കൂട്ടത്തിൽ മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ട് ബുക്കുകളുമുണ്ടെന്നും ഇത് വായിക്കുന്നതിനായി വിദഗ്‌ധരുടെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.