കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് പിടിയിലായ  സിപിഎം പ്രവർത്തകരായ വിദ്യാർഥികൾക്ക് ഹൈക്കോടതി ജാമ്യം നിരസിച്ചു. അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഡിവിഷൻ ബഞ്ച് തള്ളിയത്. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യുഎപിഎ) ചുമത്തിയ ഇരുവർക്കുമെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന സർക്കാർ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.

അന്വേഷണം പുരോഗമിക്കുകയാണന്നും പ്രതികൾക്ക് ഉന്നത മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടതെന്നുമുള്ള സർക്കാർ വാദവും കോടതി കണക്കിലെടുത്തു. യുഎപിഎ കേസുകളിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടങ്കിൽ ജാമ്യം അനുവദിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.  ജസ്റ്റിസുമാരായ  എ. ഹരിപ്രസാദും എൻ.അനിൽകുമാറും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണു ജാമ്യം നിഷേധിച്ചത്.

അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധത്തിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ജില്ലാ കോടതിയും ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

നവംബർ ഒന്നിന് കോഴിക്കോട് പന്തീരാങ്കാവിൽ വൈകിട്ട് ഏഴോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് വിദ്യാർഥികളെ പൊലീസ് പിടികൂടിയത്. ഇവരുടെ ബാഗിൽനിന്ന് മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. താഹയുടെ
വസതിയിൽ നടത്തിയ റെയ്ഡിൽ പെൻഡ്രൈവും ലാപ്ടോപ്പും സിം കാർഡും നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തതായി പൊലീസ് അവകാശപ്പെട്ടിരുന്നു. നവംബർ രണ്ടു മുതൽ ഇരുവരും റിമാൻഡിലാണ്.

കേസിലെ മുന്നാം പ്രതി സി.പി. ഉസ്മാനെ ഇനിയും പിടികിട്ടിയിട്ടില്ല .ഉസ്മാനെതിരേ അഞ്ച് യുഎപിഎ കേസുകളുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.