കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നീ യുവാക്കൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഎം. ഇരുവർക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പികെ പ്രേംനാഥ് പറഞ്ഞു.

പ്രതികൾക്കെതിരെയുള്ള തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതല്ലെന്നും സ്ത്രീകളടക്കമുള്ള 15 ഓളം പേരുടെ സാന്നിധ്യത്തിൽ ഇരുവരുടേയും വീടുകളിൽ നിന്നും കണ്ടെത്തിയതാണെന്നും പ്രേംനാഥ് പറഞ്ഞു. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് ഭീഷണിമൂലമല്ല, സ്വയം വിളിച്ചതാണ്. സിപിഎം, പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത രേഖകളെല്ലാം ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും പ്രേംനാഥ് വിശദീകരിച്ചു. ഇരുവരും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.

Read More: മാവോയിസ്റ്റ് ബന്ധം: അലനും താഹയ്ക്കും ഹൈക്കോടതി ജാമ്യം നിഷേധിച്ചു

ഒപ്പം ഈ വിഷയത്തിൽ സംസ്ഥാന സ‍ര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പ്രേംനാഥ് കടുത്ത ഭാഷയിൽ വിമർശിച്ചു. രാജൻ കേസിൽ ഈച്ചരവാര്യരോട് അനീതി കാട്ടിയ സിപിഐക്ക് പിണറായിയെ വിമർശിക്കാൻ എന്ത് അർഹതയെന്നും പ്രേംനാഥ് ചോദിച്ചു.

സിപിഎമ്മിൽ എത്ര മാവോയിസ്റ്റുകൾ ഉണ്ടെന്ന് അവരുടെ പാർട്ടി പറയട്ടെയെന്ന് കഴിഞ്ഞദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. അലനും താഹയും നിരപരാധികൾ ആണോ അല്ലയോ എന്ന് പറയേണ്ടത് പൊലീസ് ആണെന്നും യുഎപിഎ ചുമത്തുന്നതിനെയാണ് സിപിഐ എതിർക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. യുഎപിഎ കരിനിയമം തന്നെയാണെന്നും അത് കുറ്റവാളിയായാലും നിരപരാധി ആയാലും അവര്‍ക്കെതിരെ പ്രയോഗിക്കരുതെന്ന നിലപാടില്‍ മാറ്റമില്ലെന്നും കാനം രാജേന്ദ്രൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അലനും താഹയ്ക്കും പ്രഥമദൃഷ്ട്യാ മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന സർക്കാർ വാദം കണക്കിലെടുത്ത് ഹോക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണന്നും പ്രതികൾക്ക് ഉന്നത മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടതെന്നുമുള്ള സർക്കാർ വാദവും കോടതി കണക്കിലെടുത്തു. യുഎപിഎ കേസുകളിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടങ്കിൽ ജാമ്യം അനുവദിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധത്തിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ജില്ലാ കോടതിയും ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.