കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും തങ്ങൾ മാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായി പൊലീസ് എഫ്ഐആർ. യുഎപിഎ ചുമത്തിയതിനെ കൃത്യമായി ന്യായീകരിക്കുന്നതാണ് എഫ്ഐആർ. പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ വിദ്യാർഥികളെ കണ്ടതിനെ തുടർന്നാണ് ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ അലന്റെ ബാഗിൽ നിന്ന് മാവോവാദി അനുകൂല നോട്ടീസുകൾ പിടിച്ചെടുത്തെന്നും എഫ്ഐആറിൽ പറയുന്നു.

Also Read: അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ തന്നെ: സിപിഐ റിപ്പോർട്ട്

മൂന്നു പേരാണ് ഉണ്ടായിരുന്നുവെന്നും ഒരാൾ ഓടി രക്ഷപ്പെട്ടുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. സിപിഐ മാവോയിസ്റ്റ് ഇറക്കിയ നിരോധിത പുസ്തകം പ്രതികളിൽനിന്ന് കണ്ടെത്തി. പ്രതികൾ സിപിഐ മാവോയിസ്റ്റ് അംഗങ്ങളാണെന്ന് ഉത്തമബോധ്യമുള്ളതിനാൽ കേസ് ചുമത്തുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

അതേസമയം, പ്രതികൾക്കെതിരായ യുഎപിഎ പിൻവലിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾ സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് പൊലീസ്. ഇരുവരും സിപിഐ മാവോയിസ്റ്റുകളാണെന്നും മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തത് തെളിയിക്കുന്ന മിനുട്സ് ഉൾപ്പടെയുള്ള രേഖകൾ കിട്ടിയെന്നും പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വയനാട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ നടന്ന യോഗങ്ങളിലാണ് അലനും താഹയും പങ്കെടുത്തത്.

Also Read: മാവോയിസ്റ്റ് ബന്ധം: അറസ്റ്റിലായ യുവാക്കളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് നാളെ

ഇരുവരുടെയും ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ചാണെന്നും പൊലീസ് പറഞ്ഞു. യുഎപിഎ കേസിൽ നേരത്തെ അറസ്റ്റിലായവരുമൊത്ത് നിൽക്കുന്ന ഫൊട്ടോകളും പിടിച്ചിട്ടുണ്ട്. സായുധ പോരാട്ടം നടത്തേണ്ടത് എങ്ങനെയെന്നുള്ള പുസ്തകങ്ങൾ ഇരുവരുടെയും പക്കൽ നിന്നും പിടികൂടിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു. താഹയുടെ വീട്ടിൽ നിന്നു ലഭിച്ച രേഖകളുടെ കൂട്ടത്തിൽ മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ട് ബുക്കുകളുമുണ്ടെന്നും ഇത് വായിക്കുന്നതിനായി വിദഗ്‌ധരുടെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.

Also Read: അറസ്റ്റിലായവർ മാവോയിസ്റ്റ് പ്രവർത്തകർ തന്നെ, ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ച്: പൊലീസ്

അതേസമയം, താഹ ഫസല്‍, അലൻ ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. കോഴിക്കോട് പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യുഎപിഎ നിലനിൽക്കുമെന്ന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ചത്. ഇതിനെ സാധൂകരിക്കാനായി പ്രതികളിൽനിന്ന് പിടിച്ചെടുത്തതെന്ന് ആരോപിക്കുന്ന മാവോയിസ്റ്റ് രേഖകളും നോട്ടീസും പുസ്തകങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. എന്നാൽ ജാമ്യാപേക്ഷയെ എതിർക്കാതിരുന്ന പ്രോസിക്യൂഷൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷയും സമർപ്പിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.