കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനു ജാമ്യം ലഭിച്ചതിൽ വലിയ സന്തോഷമെന്ന് അമ്മ സബിത മഠത്തിൽ. “ജാമ്യം ലഭിച്ചതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. 20 വർഷങ്ങൾക്കു മുൻപ് കുറേ പ്രശ്‌നങ്ങൾക്കിടയിൽ ജനിച്ച ഒരാളാണ് അലൻ. അവനെ കിട്ടുമെന്ന് പോലും ഉറപ്പുണ്ടായിരുന്നില്ല. അവനെ കിട്ടണമെന്ന് മനസിൽ ആഗ്രഹിച്ചിരുന്നു. ഒരമ്മ എന്ന നിലയിൽ ഇപ്പോൾ അവൻ എനിക്ക് രണ്ടാമത് ജനിച്ച പോലെയാണ്. അത്രമാത്രം സന്തോഷമുണ്ട്” സബിത പറഞ്ഞു.

കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ഇന്നാണ് ജാമ്യം ലഭിച്ചത്. കൊച്ചിയിലെ എൻഐഎ കോടതിയാണ് ഇരുവർക്കും കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പതിനഞ്ച് മാസത്തെ ജയിൽ ജീവിതത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിക്കുന്നത്.

Read Also: പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയ്ക്കും ജാമ്യം

സിപിഐ-മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ലെന്നെ വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം. ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾജാമ്യവും നൽകണം. എല്ലാ മാസവും ആദ്യ ശനിയാഴ്‌ച പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പു വയ്ക്കണമെന്നും കോടതി പറഞ്ഞു.

തങ്ങൾക്കെതിരെ തെളിവുകളില്ലെന്നും അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നുമാണ് ഇരുവരും ജാമ്യ ഹർജിയിൽ പറഞ്ഞത്. എന്നാൽ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദം.

2019 നവംബർ ഒന്നിനാണ് ഇരുവരെയും കോഴിക്കോട് പന്തീരാങ്കാവിൽ വച്ച് പൊലീസ് പിടികൂടിയത്. തുടർന്ന് യുഎപിഎ ചുമത്തി കേസെടുത്തു. ഇരുവരുടെയും വീടുകളിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് രേഖകളും ലഘുലേഖയും ബാനറും വിവരങ്ങളടങ്ങിയ പെൻഡ്രൈവും കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.