കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയില്‍ വിട്ടു. എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശമുണ്ട്. ഇരുവരെയും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്ന എന്‍ഐഎ ആവശ്യം കോടതി തള്ളുകയായിരുന്നു.

സിപിഎം പ്രവർത്തകരായിരുന്ന താഹയ്‌ക്കും അലനുമെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണു യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തത്. തുടർന്ന് കേസ് എൻഐഎക്ക് വിടുകയായിരുന്ന. യുവാക്കളിൽനിന്ന് മാവോയിസ്റ്റ് ലഘുലേഖകളും പെൻഡ്രൈവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞിരുന്നു.

അതേസമയം, യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടുകയാണ്. സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫ് തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അലന്റെയും താഹയുടെയും വീടുകൾ സന്ദർശിച്ചിരുന്നു. ഇതൊരു രാഷ്ട്രീയ വിഷയമായല്ല യുഡിഎഫ് കാണുന്നതെന്നും മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും താഹയുടെ വീട് സന്ദര്‍ശിച്ച ശേഷം ചെന്നിത്തല പറഞ്ഞു.

Read Also: കരിങ്കല്ല് പെറ്റിട്ടെന്നോണം കറുത്തുടലുള്ളവള്‍; ഉറൂബ് വായനക്കാരിലേക്ക് സന്നിവേശിപ്പിച്ച രാച്ചിയമ്മ

“താന്‍ ഒരു ആഭ്യന്തരമന്ത്രിയായിരുന്നു. യുഎപിഎ കേസിനെക്കുറിച്ച് വ്യക്തമായി അറിയാം. പന്തീരാങ്കാവ് കേസില്‍ മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നത്. അലനും താഹയും മാവോയിസ്റ്റുകളാണോ എന്ന് പിണറായി വിജയന്‍ പറയണം. ഇതിനെ മനുഷ്യാവകാശ ലംഘനമായി മാത്രമാണ് യുഡിഎഫ് കാണുന്നത്. യുഎപിഎ വിഷയത്തില്‍ ഇതാണ് നിലപാടെങ്കില്‍ അമിത് ഷായും പിണറായി വിജയനും തമ്മില്‍ എന്താണ് വ്യത്യാസം? രണ്ട് സര്‍ക്കാരുകളും തമ്മില്‍ എന്താണ് വ്യത്യാസം? അലനും താഹയ്ക്കും എതിരെ യുഎപിഎ ചുമത്തിയ വിഷയം നിയമസഭയില്‍ വീണ്ടും ഉന്നയിക്കും,” ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.