UAE offers rs. 700 crore for Kerala Flood: തിരുവനന്തപുരം: പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത് പദ്ധതി തയ്യാറാക്കും. പ്രത്യേക പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും. കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് കേരളത്തിന് പ്രത്യേക പാക്കേജ് വേണമെന്നും തൊഴിലുറപ്പ് പദ്ധതിക്ക് 2800 കോടി രൂപയുടെ പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നബാർഡിനോട് പ്രത്യേക സഹായം ആവശ്യപ്പെടും. വായ്പാ പരിധി നാലര ശതമാനമാക്കി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. പരിധി ഉയർത്തിയാൽ 10500 കോടി അധികം സമാഹരിക്കാൻ കഴിയും. വായ്പ തിരിച്ചടവിന് ധനകാര്യ സ്ഥാപനങ്ങൾ സാവകാശം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഓഗസ്റ്റ് 30നാണ് പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസത്തിന് ഓരോ വകുപ്പും പ്രത്യേക കര്‍മ പദ്ധതികള്‍ തയാറാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സാധനങ്ങള്‍ക്ക് ജിഎസ്ടിയ്ക്ക് പുറമേ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തും. സംസ്ഥാന ജിഎസ്ടിയില്‍ ആയിരിക്കും പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന്‍റെ ഭാഗമായാണ് സെസ് ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് സഹായമായി 700 കോടി രൂപ നൽകാൻ യുഎഇ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. യുഎഇ ഭരണാധികാരികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ യുഎഇ ഭരണാധികാരികളോടും സർക്കാരിനോടുമുളള മലയാളികളുടെ നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലോകസമൂഹം കേരളത്തിനൊപ്പമുണ്ടെന്നും അത് കരുത്ത് പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങുമായി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്തെത്തിയിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിതെന്നും സഹായ ഹസ്തം നീട്ടാൻ മറക്കരുതെന്നും ദുബായ് ഭരണാധികാരി ട്വിറ്ററിലും ഫെയ്സ്ബുക്കിലും കുറിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലുമാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവച്ചത്.

Read More: കേരളത്തിന് സഹായഹസ്‌തം നീട്ടി ദുബായ് ഭരണാധികാരി

ദുരിത ബാധിതരെ സഹായിക്കാൻ യുഎഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കുമെന്നും അടിയന്തര സഹായത്തിനായി ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും ദുബായ് ഭരണാധികാരി വ്യക്തമാക്കി. യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

പ്രളയക്കെടുതികളിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും സായുധസേനാ ഉപസർവ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇതുസംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇരുവരും സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.