തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ അന്വേഷണം മേൽത്തട്ടിലേക്ക്. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന വിവരം പുറത്തുവന്നു. ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചറിൽ ഓപ്പറേഷൻസ് മാനേജറാണ് സ്വപ്‌ന.

സ്വപ്‌ന മുൻപ് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വപ്‌നയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഒളിവിൽ കഴിയുന്ന സ്വപ്‌നയ്‌ക്കായി അന്വേഷണം തുടരുകയാണ്.

അതേസമയം, 15 കോടിയുടെ സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിനായി ഇയാളെ കൊച്ചി കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുപോയി. ദുബായിൽനിന്നു സാധനങ്ങൾ എത്തിക്കാൻ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വർണമടങ്ങിയ കാർഗോ വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കുമേൽ സരിത് സമ്മർദം ചെലുത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, ആരോപണങ്ങളെല്ലാം യുഎഇ കോൺസുലേറ്റ് നിഷേധിച്ചിട്ടുണ്ട്. ദുബായിൽനിന്നു ഭക്ഷണസാധനങ്ങൾ മാത്രം എത്തിക്കാനാണ് ഓ‍ർഡർ നൽകിയിരുന്നതെന്ന് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. സരിത് കോൺസുലേറ്റ് പിആർഒ എന്ന വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയതായി അധികൃതർ അറിയിച്ചു.

Read Also: പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 418.50 മീറ്ററായി; ജാഗ്രതാ നിർദേശം

സ്വർണക്കടത്ത് കേസ് അന്വേഷണം മേൽത്തട്ടിലേക്ക് വ്യാപിക്കാനാണ് സാധ്യത. കള്ളക്കടത്തിൽ പങ്കുള്ള അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞതായാണു സൂചന. കസ്‌റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഇവർ സ്വർണം പുറത്തെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് വന്‍തോതില്‍ സ്വര്‍ണം കണ്ടെത്തിയത്. കോടികൾ വിലമതിക്കുന്ന സ്വർണമാണ് ബാഗേജിൽ നിന്ന് കണ്ടെത്തിയത്. രാജ്യത്ത് ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്.

മൂന്ന് ദിവസം മുമ്പാണ് ദുബായില്‍ നിന്ന് കാര്‍ഗോ എത്തിയത്. ബാഗേജില്‍ സ്വർണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു. തിരുവനന്തപുരം മണക്കാട് സ്ഥിതിചെയ്യുന്ന യുഎഇ കോൺസുലേറ്റിലേക്കാണ് ബാഗേജ് എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook