തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍-ബന്ന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗം കൂടിയായ ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാന്‍ കേരളം നടത്തുന്ന ഒരുക്കങ്ങളില്‍ അംബാസഡര്‍ നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു. ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സന്ദര്‍ശനം യു.എ.ഇ-ഇന്ത്യ ബന്ധം പൊതുവിലും യു.എ.ഇ-കേരള ബന്ധം പ്രത്യേകിച്ചും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ ഷേക്ക് സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാംസ്കാരിക-വിദ്യാഭ്യാസ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഷാര്‍ജക്കും കേരളത്തിനും ഒന്നിച്ചുനീങ്ങാവുന്ന ഒരുപാട് മേഖലകളുണ്ട്. അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഷേക്ക് സുല്‍ത്താന്‍റെ സന്ദര്‍ശനം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളവുമായി ഷാര്‍ജയ്ക്ക് പലകാര്യങ്ങളില്‍ സമാനതകളുണ്ടെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി.

അറബ് ലോകത്തെ സാംസ്കാരിക നഗരമെന്നാണ് ഷാര്‍ജ അറിയപ്പെടുന്നത്. വിദ്യാഭ്യാസം, ഗവേഷണം മുതലായ മേഖലകള്‍ക്ക് ഷാര്‍ജ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഷാര്‍ജ പുസ്തകമേള ലോകത്തിലെ രണ്ടാമത്തെ വലിയ പുസ്തകോത്സവമാണ്. കേരളവുമായുളള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രിക്കുളള നിര്‍ദേശങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.