തൊടുപുഴ: വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിക്ക് സര്‍ക്കാര്‍ അനുവദിച്ച ഔദ്യോഗിക വാഹനത്തിന്റെ ടയർ നിരവധി തവണ മാറ്റിയത് വിവാദമായിട്ടുണ്ട്. രണ്ടു വർഷത്തിനിടെ 10 തവണയായി 34 ടയറാണ് മാറ്റിയതെന്ന വിവരാവകാശരേഖ പുറത്തുവന്നതോടെയാണ് മന്ത്രിക്കെതിരെ വിമർശനം ഉയർന്നത്. വിവാദങ്ങൾക്ക് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണം നൽകിയിരിക്കുകയാണ് മന്ത്രി.

തനിക്കു അനുവദിച്ച കാറിന്റെ (KL-01-CB-8340) ടയര്‍ പത്ത് തവണകളായി 34 എണ്ണം മാറി എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, ഈ കാര്‍ ആ പറയുന്ന കാലഘട്ടത്തില്‍ എത്ര ദൂരം ഓടി, എവിടെ ഓടി എന്ന കണക്കു കൂടി പറയേണ്ടതുണ്ടെന്നും എം.എം.മണി ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Read Also: ‘ഡിവൈഎഫ്‌ഐയെ കാണാനില്ല’; ലുക്കൗട്ട് നോട്ടീസ് പതിച്ച് കോണ്‍ഗ്രസ്

സാധാരണ റോഡുകളിൽ ഓടുമ്പോൾ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകൾക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കിലോമീറ്റർ മാത്രമാണ്. ഈ കാർ ഈ കാലയളവിൽ ആകെ ഓടിയത് 1,24,075 കിലോമീറ്ററാണ്. ഇതിൽ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടും വളവുകൾ നിറഞ്ഞ റോഡുകളിലാണ്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ സമയത്ത് ഓടിയെത്താൻ അത്യാവശ്യം വേഗത്തിൽ തന്നെയാണ് വണ്ടി പോയത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും #14597# കിലോമീറ്റർ മൈലേജ് ടയറുകൾക്ക് കിട്ടിയിട്ടുണ്ടെന്നും മന്ത്രി എം.എം.മണി പറയുന്നു.

മന്ത്രിയുടെ വാഹനത്തിന്റെ ടയർ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫീസിൽ നിന്നോ അല്ല. പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്. ടയർ പരിശോധിച്ച് മാറേണ്ടതുണ്ടെന്ന് കൃത്യമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. അല്ലാതെ യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകൾ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയർ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിദ്ധരിച്ചു പോയവരുണ്ടെങ്കിൽ അവർ കാര്യം മനസിലാക്കുമെന്ന് കരുതുന്നതായും മന്ത്രി പറയുന്നു. കാള പെറ്റുവെന്ന് ഘോഷിക്കുന്നവർ, കയ്യിലെ കയറുമായി ഇങ്ങോട്ടു വരേണ്ടെന്നു മന്ത്രി ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ചിത്രംസഹിതമാണ് മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.