പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ പിന്മാറുന്നു. ഇരുവരും നീലിമല പിന്നിട്ടെങ്കിലും പ്രതിഷേധം കടുത്തതിനെ തുടര്‍ന്ന് പൊലീസ് ഇവരെ അനുനയിപ്പിച്ച് മടക്കി അയയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശിനികളായ ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മല കയറാനെത്തിയത്. പിന്നോട്ടില്ലെന്ന് യുവതികള്‍ വ്യക്തമാക്കിയെങ്കിലും ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധം കനത്തു. തുടര്‍ന്ന് പൊലീസ് യുവതികളെ തിരിച്ച് ഇറക്കുകയായിരുന്നു. പോവാന്‍ തയ്യാറല്ലെന്ന് യുവതികള്‍ അറിയിച്ചെങ്കിലും പൊലീസ് നിര്‍ബന്ധപൂര്‍വ്വം തിരികെ അയയ്ക്കുന്നെന്നാണ് ആരോപണം.

കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന കാരണം പറഞ്ഞാണ് പൊലീസ് നടപടി. യുവതികള്‍ തിരിച്ച് പോകുന്നതാണ് അഭികാമ്യമെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ‘അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ യുവതികളെ പൊലീസ് തിരിച്ചയക്കാന്‍ ശ്രമിക്കും. ഒന്നര ലക്ഷത്തോളം ഭക്തന്മാര്‍ ശബരിമലയിലുണ്ട്. അവര്‍ക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാവാന്‍ അനുവദിക്കില്ല. യുവതികളുടെ ജീവന് സുരക്ഷ നല്‍കേണ്ടതും പൊലീസിന്റെ ചുമതലയാണ്. ക്രമസമാധാന പ്രശ്നം ഉണ്ടാവാതിരിക്കാനാണ് പൊലീസ് ശ്രമം,’ മന്ത്രി പറഞ്ഞു. ബലം പ്രയോഗിച്ച് യുവതികളെ കൊണ്ടുപോവേണ്ട എന്നാണ് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൊലീസ് സുരക്ഷ ആവശ്യപ്പെടാതെയാണ് ഇവര്‍ എത്തിയത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്പി വന്നപ്പോഴാണ് ഇവര്‍ മല കയറുന്നത് അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ തയ്യാറായി. അവകാശങ്ങളെ ആക്ടിവിസമെന്നും മാവോയിസമെന്നും മുദ്രകുത്തി പറഞ്ഞയക്കുകയാണ് ഇവിടെ ചെയ്യുന്നതെന്ന് യുവതികള്‍ പറഞ്ഞു. നാമജപക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമങ്ങളും ഇതിന് കൂട്ടു നില്‍ക്കുന്നുണ്ടെന്ന് യുവതികള്‍ പ്രതികരിച്ചു.

നേരത്തെ പ്രതിഷേധമൊന്നും നേരിടാതെയാണ് യുവതികള്‍ മല കയറിയത്. എന്നാല്‍ ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധക്കാര്‍ കൂട്ടംകൂടിയതോടെ യാത്ര തടസ്സപ്പെട്ടു. അപ്പാച്ചിമേട്ടില്‍ വച്ചാണ് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്. മല കയറാന്‍ അനുവദിക്കണമെന്ന് യുവതികള്‍ ആവശ്യപ്പെട്ടു. പൊലീസ് ഇവര്‍ക്കൊപ്പം ഉണ്ടെങ്കിലും പ്രതിഷേധക്കാര്‍ ഇവരെ കടത്തി വിടാന്‍ തയ്യാറായില്ല.

ഇന്നലെ ചെന്നൈയില്‍ നിന്ന് മൂന്ന് സംഘമായി മനിതി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ യുവതികള്‍ മലകയറാന്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് ഇവര്‍ക്ക് മടങ്ങേണ്ടിവന്നിരുന്നു. മനിതി സംഘത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നാടകീയ രംഗങ്ങളാണ് പമ്പയില്‍ അരങ്ങേറിയത്. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ പൊലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് മനിതി സംഘത്തെ കൊണ്ടുപോകാനുളള ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ