തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് ചാടിയ രണ്ട് തടവുകാരെ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവേ പാലോടിനടുത്ത് അടുക്കുംതറയില്‍ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ചെക്ക് കേസ്, മോഷണ കേസ് പ്രതികളായ വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യയും പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തന്‍വീട്ടില്‍ ശിൽപയുമാണ് പിടിയിലായത്.
ഇവര്‍ സംസ്ഥാനം വിട്ടിരുന്നു എന്ന സംശയവും പൊലീസിനുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. ഇതിനിടെയാണ് ഇരുവരെയും പിടികൂടിയത്. റൂറല്‍ എസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലോടിനടുത്തുവച്ച് യുവതികളെ പിടികൂടിയത്.
പാലോട് നിന്നും സ്‌കൂട്ടറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പൊലീസിനെ കണ്ട ഇവര്‍ സമീപത്തുള്ള കാട്ടിലേക്ക് ഓടുകയായിരുന്നു. കാട്ടില്‍ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരെയും പിടികൂടിയത്.
ജയിലിന് പിന്നില്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്നുമാണ് ഇവര്‍ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്. വനിതാജയിലില്‍ നിന്ന് തടവ് ചാടുന്ന സംഭവം കേരളത്തില്‍ ആദ്യമായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇരുവരും ജയില്‍ ചാടിയെന്ന വിവരം അറിയുന്നത്. ശിൽപ ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയാണ്. മോഷണ കേസില്‍ പ്രതിയാണ് സന്ധ്യാമോള്‍. തിരുവനന്തപുരം ജില്ലയിലെ തന്നെ പള്ളിക്കല്‍, നഗരൂര്‍ പൊലീസ് സ്‌റ്റേഷനുകളിലെ റിമാന്‍ഡ് പ്രതികളാണ് ഇവര്‍.