കൊച്ചി: എറണാകുളം ജില്ലയില്‍ നിന്ന് രണ്ട് സത്രീകളെ കാണാതായ സംഭവത്തില്‍ നരബലി നടന്നതായി സൂചന. തിരുവല്ലയിലെ ദമ്പതിമാര്‍ക്കു വേണ്ടി എറണാകുളം ജില്ലയിലെ രണ്ടു സ്ത്രീകളെ ബലി നല്‍കിയെന്നാണ് വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റാണ് സ്ത്രീകളെ എത്തിച്ചു നല്‍കിയതെന്നാണ് പുറത്ത് വരുന്ന വിവരം. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു.
സംഭവത്തില്‍ കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ പത്മ, കാലടിയില്‍ നിന്ന് കാണാതായ റോസ്ലീന്‍ എന്നിവരുടേതെന്ന് കരുതുന്ന മൃതദ്ദേഹങ്ങള്‍ കണ്ടെടുത്തയായി മനോരമ ന്യൂസ് റിപോര്‍ട്ട് ചെയ്തു. നരബലിക്കായി സ്ത്രീകളെ എത്തിച്ച് നല്കിയ ഷാഫിയെ ഇലന്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് വിവിധ ഭാഗങ്ങളിലായി മൃതദ്ദേഹങ്ങള്‍ കണ്ടെടുത്തത്.
സെപ്റ്റംപര്‍ 27 ന് കടവന്ത്രയില്‍ നിന്ന് കാണാതായ ലോട്ടറി വില്പനക്കാരിയായ പത്മക്കായുള്ള അന്വേഷണത്തിലാണ് കേസ് നരബലിയാണോ എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. കടവന്ത്രയിലെതിന് സമാനമായ കേസ് കാലടിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കാലടിയില്‍ ലോട്ടറി കച്ചവടം നടത്തുന്ന ഇടുക്കി സ്വദേശിയായ റോസ്ലിനിനെയും കാണാതായിരുന്നു.
ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. തിരുവല്ല കോഴഞ്ചേരി ഇലന്തൂരിലെ വൈദ്യനായ ഭഗവന്ത്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയായിരുന്നു നരബലി. പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ്(ഷാഫി) എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്. ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.
അതേസമയം കേസിലെ മുഖ്യപ്രതി ആരെന്ന് വ്യക്തമായിട്ടില്ലെന്നും പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് സിദ്ധന് വേണ്ടി സ്ത്രീകളെ തിരുവല്ലയിലെ വീട്ടില്‍ എത്തിച്ച് നല്‍കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി. നാഗരാജു പറഞ്ഞു. സംഭവത്തില്‍ കാണാതായ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കടവന്ത്രയില്‍ കാണാതായ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കിയത് പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നരബലിയാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് മറ്റൊരു സ്ത്രീയേയും ബലി നല്‍കിയതായി മനസ്സിലായത്. സംഭവത്തില്‍ ഏജന്റും ദമ്പതിമാരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. തിരുവല്ല സ്വദേശികളായ ഭഗവൽസിംഗ് – ലൈല ദമ്പതികളാണ് പൊലീസിന്റെ പിടിയിലായത്. കുടംബത്തിന് ഐശ്വര്യം വന്ന് ചേരുമെന്ന് ധരിപ്പിച്ചായിരുന്നു നരബലി നടന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. ആര്.ഡി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരും തിരുവല്ലയില്‍ എത്തി.