പത്തനാപുരം: കൊല്ലം-പുനലൂര്‍ പാതിയിലെ ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഒരേ പാളത്തില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍! പേടിക്കാന്‍ വരട്ടെ. യാത്രക്കാര്‍ക്ക് സംഭവിച്ച ആശയക്കുഴപ്പമാണ് സംഭവം.

കൊല്ലം-പുനലൂര്‍ പാതയില്‍ ആവണീശ്വരം സ്റ്റേഷനിലാണു സംഭവം. ഗുരുവായൂര്‍-ഇടമണ്‍ ട്രെയിനിലെ യാത്രക്കാര്‍ ആശയക്കുഴപ്പത്തെ തുടര്‍ന്ന് ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തുകയായിരുന്നു. രണ്ട് ഭാഗത്തും എന്‍ജിനുള്ള കൊല്ലം-താംബരം ട്രെയിനാണ് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കിയത്.

ആവണിശ്വരം സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ കൊല്ലം-താംബരം സ്‌പെഷല്‍ ട്രെയിന്‍ ക്രോസിങ്ങിനായി നിര്‍ത്തിയിട്ടിരുന്നു. ഈ സമയം, രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ പുനലൂരില്‍ നിന്നു കൊല്ലത്തേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ എത്തുകയായിരുന്നു. തൊട്ട് പിന്നാലെ സ്റ്റേഷന്റെ ഔട്ടറിലേക്ക് ഗുരുവായൂര്‍-ഇടമണ്‍ ഫാസ്റ്റ് പാസഞ്ചര്‍ എത്തി. ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലെ കൊല്ലം-താംബരം ട്രെയിന്‍ കടന്നു പോയതിനു ശേഷമേ സാധാരണയായി ഗുരുവായൂര്‍-ഇടമണ്‍ ഫാസ്റ്റ് പാസഞ്ചറിനു സ്റ്റേഷന്‍ സിഗ്‌നല്‍ കിട്ടുകയുള്ളു. പക്ഷെ രണ്ട് ട്രാക്കിലും കൊല്ലം ഭാഗത്തേക്കു ട്രെയിന്‍ കിടക്കുന്നതു കണ്ട് യാത്രക്കാര്‍ ആശയക്കുഴപ്പത്തിലാവുകയായിരുന്നു.

ഇതോടെ അപകടം സംഭവിക്കുമെന്ന് കരുതി യാത്രക്കാര്‍ ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വൈകിയാണ് ഗുരുവായൂര്‍-ഇടമണ്‍ പാസഞ്ചര്‍ പുറപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ