തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയുരന്നതിനിടെ ആശങ്കയായി നോറോ വൈറസ്. തലസ്ഥാന ജില്ലയില്‍ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയുണ്ടായ വിദ്യാർത്ഥികളുടെ സാമ്പിളുകൾ സർക്കാർ ലാബിൽ പരിശോധിച്ചതിൽ നിന്നാണ് നോറോവൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
സ്‌കൂളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നോറോവൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ഉച്ചഭക്ഷണം സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു.
പ്രായഭേദമന്യേ ആളുകളെ ബാധിക്കുന്ന നോറോവൈറസ്, വയറിളക്കം ഉണ്ടാക്കുന്ന റോട്ടവൈറസിന് സമാനമായതാണ്. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെ ഇത് പകരാം. ക്രൂയിസ് കപ്പലുകൾ, നഴ്സിങ് ഹോമുകൾ, ഡോർമിറ്ററികൾ, മറ്റ് അടച്ചിട്ട സംവിധാനങ്ങളില്‍ രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്.
നൊറോവൈറസിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഛർദ്ദിയും വയറിളക്കവുമാണ്. ഇത് വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് ഉണ്ടാവുക. രോഗികൾക്ക് ഓക്കാനം, വയറുവേദന, പനി, തലവേദന, ശരീരവേദന എന്നിവയും അനുഭവപ്പെടുന്നു.
വൈറസിന് വ്യത്യസ്‌തമായ സ്‌ട്രെയിനുകൾ ഉള്ളതിനാൽ ഒരാൾക്ക് ഒന്നിലധികം തവണ രോഗം ബാധിച്ചേക്കാം. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തന്നെ വൈറസിന്റെ സാന്നിധ്യം ശരീരത്തില്‍ നിന്ന് ഇല്ലാതാവാം. ശുചിത്വത്തോടെ മുന്നോട്ട് പോവുകയെന്നത് മാത്രമാണ് വൈറസിനെ ചെറുക്കാനുള്ള വഴി.