തൊടുപുഴ: ഇടുക്കിയുടെ ആശങ്ക പതിയെ ഒഴിയുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പില്‍ കുറവുണ്ടായതോടെ ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ അടച്ചു. രണ്ട് വശങ്ങളിലുമായുള്ള ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. അതോടൊപ്പം തന്നെ തുറന്നിരിക്കുന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടുണ്ട്. നിലവില്‍ ഓരോ മീറ്ററുകള്‍ വീതമാണ് മൂന്ന് ഷട്ടറുകളും തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 4.5ലക്ഷം ലിറ്റര്‍ വെള്ളമാണ് ഈ ഷട്ടറുകളിലൂടെ പുറത്തേക്ക് വിടുന്നത്.

വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു. തുടര്‍ന്നാണ് ചെറുതോണിയിലെ ഷട്ടറുകള്‍ അടയ്ക്കാന്‍ തീരുമാനിക്കുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്ന മുറയ്ക്ക് മറ്റ് ഷട്ടറുകളും അടയ്ക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

ചെറുതോണി ടൗണിലെ ജലനിരപ്പിലും കാര്യമായ കുറവുണ്ടായതായാണ് അറിയാന്‍ കഴിയുന്നത്. അതേസമയം, ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ അടച്ചതോടെ പെരിയാറിലെ ജലനിരപ്പിലും കുറവുണ്ടായിട്ടുണ്ട്. അണക്കെട്ടില്‍ നിന്നുള്ള വെള്ളം കുത്തിയൊലിച്ചതോടെ വെള്ളത്തിനടിയിലായ ചെറുതോണി ടൗണിലെ പാലം ഇപ്പോള്‍ ദൃശ്യമായിട്ടുണ്ട്. രാത്രി ഏഴ് മണിക്കുള്ള കണക്ക് അനുസരിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയിലേക്ക് താഴുന്നതായി കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം, ഉത്തര കേരളത്തില്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല. കണ്ണൂരിലും കോഴിക്കോടും മലപ്പുറത്തും വയനാടും മഴ തുടരുകയാണ്. കണ്ണൂരില്‍ ഉരുള്‍പൊട്ടലുണ്ടായി. നേരത്തെ, കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കോഴിക്കോട് തിരുവമ്പാടിയില്‍ പാലം ഒലിച്ചു പോയി. മറിപ്പുഴ പാലമാണ് ഒലിച്ചു പോയത്. കഴിഞ്ഞ ആഴ്ച പാലത്തിന്റെ ഒരു ഭാഗം ഒലിച്ചു പോയിരുന്നു. ഇന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലം പൂര്‍ണ്ണമായും ഒലിച്ചു പോവുകയായിരുന്നു.

മലപ്പുറം നിലമ്പൂരില്‍ ഉരുള്‍പൊട്ടി. അകമ്പാടം നമ്പൂരിപ്പട്ടിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കൂടാതെ മലമ്പുഴയിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉടനെ 45 സെന്റീമീറ്ററായി ഉയര്‍ത്തും. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്.

വയനാടും മഴ പെയ്യുന്നുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. 130 സെന്റി മീറ്ററില്‍ നിന്നും 150 സെന്റി മീറ്ററിലേക്കാണ് ഷട്ടര്‍ ഉയര്‍ത്തിയത്. വൈകിട്ട് ആറരയോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മുന്ന് ഷട്ടറുകളാണ് ഉയര്‍ത്തിയത്. മൂന്ന് ഷട്ടറുകളും അമ്പത് സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.