മലപ്പുറം പ്രസ് ക്ലബിന് നേരെ അക്രമം നടത്തുകയും ചന്ദ്രിക ഫൊട്ടോഗ്രാഫറെ മർദിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വാഴക്കാട് കല്ലിക്കത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ആർ എസ് എസ് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച ആർഎസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മർദിക്കുന്ന ചിത്രം പകർത്തിയതിനാണ് പ്രസ് ക്ലബ്ബിൽ അതിക്രമിച്ച് കയറി ഫൊട്ടോഗ്രാഫറെ മർദ്ദിച്ചത്.

ചന്ദ്രിക ദിനപത്രത്തിന്റെ ഫൊട്ടോഗ്രാഫർ ഫുആദിനെയാണ് ആർഎസ്എസുകാർ പ്രസ് ക്ലബ്ബിനുളളിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പരുക്കേൽപ്പിച്ചത്. ഫൊട്ടോഗ്രാഫറുടെ മൊബൈൽ​ ഫോണും ആർഎസ്എസുകാർ തട്ടിപ്പറിച്ചുകൊണ്ടുപോയതായി മാധ്യമ പ്രവർത്തകർ പറഞ്ഞു. മർദനത്തിൽ കാലിൽ പരുക്കേറ്റ ഫൊട്ടോഗ്രാഫറെ മലപ്പുറം കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വഴിയാത്രക്കാരനായ അബ്ദുല്ല നവാസിനെ മർദ്ദിക്കുന്ന ചിത്രം പകർത്തിയതിനാണ് ആർഎസ്എസുകാർ പ്രസ് ക്ലബ്ബിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയത്.

മലപ്പുറം പ്രസ് ക്ലബിന് നേരെ ആർഎസ്എസ് പ്രവർത്തകർ നടത്തിയ അക്രമം സർക്കാർ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.