കണ്ണൂർ: മുപ്പത് കോടിയോളം വിലവരുന്ന തിമിംഗല ഛർദ്ദിലുമായി (ആംബഗ്രിസ്) രണ്ടുപേർ പിടിയിൽ. കോയിപ്ര സ്വദേശി കെ.ഇസ്മായിൽ (44), ബാംഗ്ലൂർ കോറമംഗല സ്വദേശി അബ്ദുൽ റഷീദ് എന്നിവരാണ് അറസ്റ്റിലായത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഒമ്പത് കിലോയോളം വരുന്ന ചർദ്ദിൽ മുപ്പത് കോടി രൂപയ്ക്ക് നിലമ്പൂർ സ്വദേശിക്ക് വിൽക്കാൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിൽ തൃശ്ശൂർ ചേറ്റുവയിൽ നിന്നും 18 കിലോയോളം വരുന്ന തിമിംഗല ഛർദ്ദിൽ പിടികൂടിയിരുന്നു. അതിനു പിന്നാലെയുള്ള രണ്ടാമത്തെ വലിയ അംബർഗ്രീസ് വേട്ടയാണിത്.
Also Read: Ambergris: ആംബർഗ്രിസ് എന്ന അമൂല്യ സ്വർണം
സ്പേം തിമിംഗലങ്ങളുടെ ആമാശയത്തിൽ രൂപപ്പെടുന്ന ദഹനത്തിന് സഹായിക്കുന്ന സ്രവമാണ് ആംബർഗ്രിസ്. ആംബർഗ്രിസിൽ നിന്നും വേർതിരിച്ചെടുക്കുന്ന ആംബറിൻ എന്ന വസ്തു സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നവയാണ്. കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്ന പേരിലൊക്കെയാണ് ആംബർഗ്രിസ് അറിയപ്പെടുന്നത്. സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനായാണ് ഇവ ഉപയോഗിക്കുന്നത്.
ഇന്ത്യയിലെ വന്യ ജീവി സംരക്ഷണ നിയമം പ്രകാരം വംശനാശ ഭീഷണി നേരിടുന്ന വർഗമാണ് തിമിംഗലങ്ങൾ. ഇവയുടെ ഏതെങ്കിലും ഉൽപന്നങ്ങൾ കൈവശം വയ്ക്കുന്നതും വ്യാപാരം ചെയ്യുന്നതും നിയമവിരുദ്ധമാണ്.