കോയമ്പത്തൂർ ജയിലിൽ വിചാരണ തടവുകാരായി കഴിയുന്ന മാവോയിസ്റ്റ് പ്രവർത്തകരായ  ഷൈനയെയും അനൂപിനെയും കാണാനെത്തിയ സി. പി. റഷീദ്, ഹരിഹര ശർമ്മ എന്നിവരെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തു .

അനുമതി നേടിയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സി പി റഷീദും തിരുവനന്തപുരം സ്വദേശിയായ ഹരിഹര ശർമ്മയുമാണ് കോയമ്പത്തൂർ ജയിലിൽ തടവിൽ കഴിയുന്ന ഷൈനയെയും അനൂപിനെയും കാണാനെത്തിയത്. സി പി ഐ​ (മാവോയിസ്റ്റ്) പ്രവർത്തകരായ തടവുകാർക്ക്  വസ്ത്രങ്ങൾ കൈമാറുന്നതിനിടയിൽ പെൻഡ്രൈവും കൈമാറാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റാണ്  സി. പി. റഷീദ്.  സാമൂഹ്യപ്രവർത്തകനാണ് ഹരിഹര ശർമ.

തൃശൂർ സ്വദേശിയാണ് ഷൈന, പത്തനംതിട്ട സ്വദേശിയാണ് അനുപ്. ഇരുവരും മാവോയിസ്റ്റ് നേതാവായ രൂപേഷിനൊപ്പം 2015 മെയ് മാസത്തിലാണ് കോയമ്പത്തൂർ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. സി പി ഐ മാവോയിസ്റ്റിന്റെ പശ്ചിമഘട്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് ഇവരുടെ അറസ്റ്റുണ്ടാകുന്നത്. ആകെ അഞ്ച് മാവോയിസ്റ്റ് പ്രവർത്തകരെയാണ് അന്ന് പൊലീസ് കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തത്.

മാവോയിസ്റ്റുകൾ കണ്ണൂരിലും കോഴിക്കോടും  വയനാടും ഇവർക്കെതിരെ കേസുകളുണ്ട്. കണ്ണൂരിലും കോഴിക്കോടും ക്വാറികൾക്കെതിരെ നടത്തിയ ആക്രമണങ്ങളും വയനാട്ടിൽ ആദിവാസി ഭൂമിയെന്നാരോപിക്കപ്പെടുന്ന ഭൂമിയിൽ പ്രവർത്തിക്കുന്ന റിസോർട്ടിനെതിരെ നടന്ന ആക്രമണ​കേസുകളിലാണ്  ഇവരെ   പ്രതിയാക്കിയിട്ടുളളത്. കോയമ്പത്തൂരിൽ അറസ്റ്റിലായ അഞ്ചുപേരെയും അതീവ സുരക്ഷയിലാണ് കോയമ്പത്തൂർ ജയിലിൽ പാർപ്പിച്ചിട്ടുളളത്.

കേരളത്തിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം പിന്നീട് വാർത്തയാകുന്നത് കഴിഞ്ഞ വർഷം നവംബറിൽ നിലമ്പൂരിലാണ്. നിലമ്പൂരിൽ പൊലീസ് വെടിവെയ്പിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. കുപ്പു ദേവരാജ്, അജിത എന്നിവരാണ് നിലമ്പൂർ കരുളായി വനത്തിൽ  പൊലിസ് വെടിവെയ്പിൽ കൊല്ലപ്പെട്ടത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ