കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് 2 പേരെക്കൂടി കണ്ണൂരിൽ അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശികളായ രണ്ട് പേരെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്വദേശികളായ മനാഫ്, ഹംസ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഹംസയ്ക്ക് രാജ്യാന്തര ഐഎസ് ബന്ധമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. കണ്ണൂർ, കാസർഗോഡ് സ്വദേശികളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലെ മുഖ്യകണ്ണിയാണ് ഹംസയെന്നാണ് പൊലീസിന്റെ വിശദീകരണം.

ഐഎസ് ബന്ധം സംശയിക്കുന്ന 3 പേരെ ഇന്നലെ ജില്ലയിൽ അറസ്റ്റ് ചെയ്തിരുന്നു. വളപട്ടണം, ചക്കരക്കല്ല് സ്വദേശികളാണ് പിടിയിലായത്. ഐഎസിൽ ചേർന്ന ഇവർ തുർക്കിയിൽനിന്ന് മടങ്ങി നാട്ടിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കണ്ണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. യുഎപിഎ ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി ഇവരെ റിമാൻഡ് ചെയ്തു.

ഇവർ വിദേശത്ത് ജോലിക്കായി പോയവരാണെന്നും ഇവിടെ നിന്ന് ഇവർ സിറിയയിലേക്ക് കടക്കാൻ പോയിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. തുർക്കി വഴിയാണ് ഇവർ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതിന് ശേഷമാണ് ഇവർ നാട്ടിലേക്ക് തിരിച്ചെത്തിയത്. നാട്ടിൽ എത്തിയതിന് ശേഷം ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ