കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പിടിയില്‍. കെവിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്. തിരുനെല്‍വേലിയില്‍ നിന്ന് തെന്മല പൊലീസാണ് ഇവരെ പിടികൂടിയത്. ഇടമണ്‍ നിഷാന മന്‍സിലില്‍ നിയാസ്, റിയാസ് മന്‍സിലില്‍ റിയാസ് എന്നിവരാണ് ഇപ്പോള്‍ പൊലീസ് പിടിയിലായിരിക്കുന്നത്.

കേസില്‍ പതിമൂന്നോളം പേര്‍ പ്രതികളാകുമെന്നാണ് വിവരം. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ 13 പേരുണ്ടെന്ന് പിടിയിലായ ആള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ബിജെപി ഇന്ന് കോട്ടയത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

അതിനിടെ, സംഭവത്തില്‍ വീഴ്ചവരുത്തിയ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയ എം.എസ്.ഷിബുവിനേയും എഎസ്‌ഐയേയും സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം എസ്‌പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടേതാണ് ഉത്തരവ്. ഹരിശങ്കറാണ് പുതിയ കോട്ടയം എസ്‌പി. കെവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. കെവിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും.

ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. അന്നു രാവിലെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി പൊലീസ് സ്വീകരിച്ചില്ല. ഇതിനുപിന്നാലെ രാവിലെ 11 മണിക്ക് ഭാര്യ നീനു പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. പക്ഷേ പൊലീസ് പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ തയ്യാറായില്ല. കോട്ടയത്ത് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയുണ്ടെന്നും അതു കഴിഞ്ഞ് അന്വേഷിക്കാമെന്നാണ് എസ്‌ഐ എം.എസ്.ഷിബു പറഞ്ഞത്. നവവരനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ