വയനാട്: ജില്ലയിൽ രണ്ടു പേർക്ക് സൂര്യതാപമേറ്റു. മൈലാടി സ്വദേശി ഇസ്മയിൽ, നടവയൽ സ്വദേശി ബിജു എന്നിവർക്കാണ് സൂര്യതാപമേറ്റത്. ഇവർ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. പൊള്ളലേറ്റ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയ്ക്ക് ശേഷം സംസ്ഥാനം കടുത്ത വേനലിലേക്കാണ് പോകുന്നതെന്നാണ് സൂചന.
പ്രളയം നാശം വിതച്ച കേരളത്തില്‍ നദികളും കിണറുകളും വലിയ തോതില്‍ വറ്റുന്നുണ്ട്. എല്ലാ നദികളുടേയും ജലനിരപ്പ് താഴുന്ന അസാധാരണ പ്രതിഭാസമാണ് സംസ്ഥാനത്ത് നിലവിലുളളതെന്ന് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ഡാമുകളിലേക്കുളള നീരൊഴുക്കും വലിയ രീതിയില്‍ കുറഞ്ഞു. നദികളിലെ വെള്ളം പലയിടത്തും അസാധാരണമായ വിധത്തില്‍ താഴ്ന്നുകഴിഞ്ഞു. പ്രളയമുണ്ടായി ആഴ്ചകള്‍ പിന്നിടുമ്പോഴാണ് കേരളത്തില്‍ സമീപകാലത്തെങ്ങും അനുഭവപ്പെടാത്ത നീര്‍ത്താഴ്ച നദികളില്‍ പ്രകടമായത്.
ജലനിരപ്പ് താഴുന്നതിനെ കുറിച്ച് പഠനം നടത്താന്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റിനോട് (സിഡബ്ല്യുആര്‍ഡിഎം) ആവശ്യപ്പെട്ടതായി മാത്യു ടി.തോമസ് പറഞ്ഞു. ഭൂതലത്തില്‍ വിള്ളലുകള്‍ വീണിട്ടുള്ള മേഖലകളിലും ചെളി അടിഞ്ഞുകൂടി ഉണങ്ങിയ ദുര്‍ബല പ്രദേശങ്ങളിലും പ്രളയാനന്തരം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പഠിക്കും. പ്രളയാനന്തര വരള്‍ച്ച ഭൂചലന സാധ്യതയിലേക്കും വഴിതുറക്കുന്നു. ജലജീവികളുടെ വംശനാശമാണ് മറ്റൊരു ഭീഷണി. ശക്തമായ കുത്തൊഴുക്ക് ജലഘടനയില്‍ ഉണ്ടാക്കിയ ആഘാതം സൂക്ഷ്മജീവികളുടെ ആവാസ വ്യവസ്ഥ തകര്‍ത്തിട്ടുണ്ട്.