തൃശൂര്‍: മദ്യം വാങ്ങാനെത്തിയവര്‍ സുരക്ഷാ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. തൃശൂര്‍ കുറുപ്പം റോഡ് ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലാണ് രണ്ടംഗ സംഘം സെക്യുരിറ്റി ജീവനക്കാരനെ മൃഗീയമായി ആക്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഓട്ടോറിക്ഷ റോഡില്‍ നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ജീവനക്കാരനായ ജോസിനെ അക്രമികള്‍ മര്‍ദ്ദിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ള ജീവനക്കാരനെ മദ്യം വാങ്ങാനെത്തിയവരാണ് മര്‍ദിച്ചത്. ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ സമീപത്തുള്ള കടകളിലും റോഡിലുടെ കടന്നുപോയവരും നോക്കിനില്‍ക്കുകയായിരുന്നു.

ഈ മാസം 12നായിരുന്നു സംഭവം.ആക്രമണത്തില്‍ പരുക്കേറ്റ ജോസിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസിനെ ആക്രമിച്ച രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. കുറുപ്പം റോഡ് ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നില്‍ ഇത്തരം ആക്രമണങ്ങള്‍ പതിവാണെന്ന് കാണിച്ച് വ്യാപാരികള്‍ നല്‍കിയ ഹര്‍ജി അംഗീകരിച്ച് ഹൈക്കോടതിയാണ് സുരക്ഷാ ജീവനക്കാരനെ നിയമിക്കാന്‍ നിര്‍ദേശിച്ചത്.

ജീവനക്കാരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും വ്യാപാരികള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറുപ്പം റോഡില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്താന്‍ തൃശൂര്‍ എസ്ഐയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ