scorecardresearch
Latest News

ഇലന്തൂര്‍ ഇരട്ടക്കൊലപാതകം: റോസ്ലിയുടേത് കണ്ണീരിന്റെ കഥ, പദ്മത്തിന്റെ പ്രതീക്ഷയുടേതും

പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്

ഇലന്തൂര്‍ ഇരട്ടക്കൊലപാതകം: റോസ്ലിയുടേത് കണ്ണീരിന്റെ കഥ, പദ്മത്തിന്റെ പ്രതീക്ഷയുടേതും

ചെടികളാലും മരങ്ങളാലും ചുറ്റപ്പെട്ട ഒരു വീടിനുള്ളില്‍ ജൂണിലെ ഒരു രാത്രിയിലാണ് ആ ഹീനകൃത്യം നടന്നത്. ഒരു സ്ത്രീയെ കട്ടിലില്‍ ബന്ധിയാക്കി കിടത്തി. പിന്നീട് സംഭവിച്ചത് ആരും സംസാരിക്കാന്‍ പോലും ആഗ്രഹിക്കാത്ത കാര്യങ്ങളായിരുന്നു. ആചാരങ്ങളുടെ പേരില്‍ നടന്ന ക്രൂരമായ പീഡനമെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയായിരുന്നു റോസ്ലിയുടെ ജീവിതത്തിന്റെ അവസാനം.

ഭഗവല്‍ സിങ്ങെന്ന സിദ്ധ വൈദ്യന്റെ പത്തനംതിട്ട ഇലന്തൂരിലെ വീട്ടില്‍ നടന്ന നരബലിയെന്ന് സംശയിക്കപ്പെടുന്ന ഇരട്ടക്കൊലപാതകത്തിന്റെ ഇരയാണ് 49 വയസുകാരിയായ റോസ്ലി. കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീ തമിഴ്നാട് ധര്‍മപുരി സ്വദേശിയായ പദ്മമാണ്.

ഇരകളായ രണ്ട് സ്ത്രീകളും ലോട്ടറി വില്‍പ്പനക്കാരായിരുന്നെന്നും ഭഗവല്‍ സിങ്ങിന്റെ എടുത്തെത്തിച്ചത് മുഹമ്മദ് ഷാഫിയെന്നയാളുമാണെന്നാണ് പൊലീസ് പറയുന്നു. കൊച്ചിയിലെ ഷാഫിയുടെ ഭക്ഷണശാലയിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു റോസ്ലിയും പദ്മവും. മന്ത്രവാദിയുടെ കപടവേഷമണിഞ്ഞ ഷാഫി ഭഗവല്‍ സിങ്ങിനേയും ഭാര്യ ലൈലയേയും തെറ്റിദ്ധരിപ്പിച്ചാണ് നരബലി ആസൂത്രണം ചെയ്തത്. മൂവരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

ദുഷ്കരമായ റോസ്ലിയുടെ ജീവിതത്തിന്റെ അവസാനം കൂടിയായിരുന്നു ജൂണ്‍ എട്ട്. “എന്റെ അമ്മയ്ക്ക് ജീവിതത്തില്‍ സന്തോഷിക്കാനായിട്ടില്ല. കുടുംബം തന്നെ അവരെ അനാഥയാക്കി. വീഴ്ചകളുടെ തുടര്‍ച്ചയായിരുന്നു ജീവിതം,” റോസ്ലിയുടെ മകള്‍ മഞ്ജു പറഞ്ഞു.

തന്റെ ജീവിതത്തിലെ സ്വപ്നം പാതി വഴിയില്‍ ഉപേക്ഷിച്ചാണ് പദ്മം മടങ്ങിയത്. ആദ്യ മകന്റെ വിവാഹത്തിനായി എടുത്ത ലോണ്‍ തിരിച്ചടച്ച പദ്മം പിന്നീട് ജീവിച്ചത് രണ്ടാമത്തെ മകനു വേണ്ടിയായിരുന്നു. രണ്ടാമത്തെ മകന്റെ വിവാഹം പണം കടമെടുക്കാതെ നടത്താനായുള്ള കഷ്ടപ്പാടിലായിരുന്നു പദ്മം.

വീടിന് രണ്ടാം നില കൂടി പണിയണമെന്ന ആഗ്രഹം പദ്മത്തിനുണ്ടായിരുന്നതായി രണ്ടാമത്തെ മകന്‍ സെല്‍വരാജ് പറയുന്നു. ചെന്നൈയിലെ ഐടി കമ്പനിയിലാണ് സെല്‍വരാജ് ജോലി ചെയ്യുന്നത്.

ജൂണ്‍ ആദ്യ വാരമാണ് റോസ്ലിയെ കാണാതായത്. കോട്ടയത്തുള്ള ബന്ധുക്കളുടെ വീട്ടില്‍ പോയതാണെന്നാണ് റോസ്ലിയുടെ പങ്കാളിയായ സജീഷ് പറയുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി സജീഷും റോസ്ലിയും കാലടിയിലാണ് താമസം. ജൂണ്‍ 26-നാണ് മകള്‍ മഞ്ജു റോസ്ലിയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. പദ്മവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പൊലീസിനെ റോസ്ലിയുടെ കൊലപാതകത്തിലേക്കും എത്തിച്ചത്.

റോസ്‌ലിയുടെ അമ്മ റോസമ്മ ആലപ്പുഴയിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ പെട്ടയാളാണെന്ന് മഞ്ജു പറഞ്ഞു. “മുത്തശിക്ക് 17 വയസുള്ളപ്പോഴാണ് എന്റെ അമ്മയെ ഗര്‍ഭം ധരിച്ചത്, എന്നാല്‍ അത് കല്യാണത്തിന് മുന്‍പായിരുന്നു. തൊട്ടുപിന്നാലെ ഇടുക്കിയിലെ ഒരാളുമായി മുത്തശിയുടെ വിവാഹം നടന്നു. അന്ന് കൊച്ചുപെൺകുട്ടിയായിരുന്ന എന്റെ അമ്മ ആലപ്പുഴയിലും കോട്ടയത്തുമുള്ള ബന്ധുക്കളുടെ സംരക്ഷണയിലാണ് കഴിഞ്ഞത്. ബന്ധുക്കളുടെ വീടുകളിൽ, അവരുടെ കുട്ടികളെ നോക്കുകയും വീട്ടുജോലികൾ ചെയ്യുകയും ചെയ്തായിരുന്നു ജീവിതം. അവര്‍ക്ക് സ്‌കൂളിൽ പോകാന്‍ സാധിച്ചിട്ടില്ല,” മഞ്ജു കൂട്ടിച്ചേര്‍ത്തു.

പതിനേഴാം വയസിലാണ് ഇടുക്കി സ്വദേശിയായ സണ്ണി വര്‍ഗീസിനെ റോസ്ലി വിവാഹം കഴിക്കുന്നത്. മദ്യപാനിയായിരുന്നു സണ്ണി റോസ്ലിയെ നിരന്തരം മര്‍ദിക്കുമായിരുന്നെന്നാണ് മഞ്ജു പറയുന്നത്. 20 വര്‍ഷം മുന്‍പാണ് സണ്ണിയെ ഉപേക്ഷിച്ച് റോസ്ലി വീടുവിട്ടിറങ്ങിയത്. “അതൊരു നിയമപരമായ വേര്‍പിരിയല്‍ ആയിരുന്നില്ല, എന്നെ എടുത്ത് അമ്മ ഇറങ്ങുകയായിരുന്നു. ഞങ്ങള്‍ കൊച്ചിയിലേക്ക് മാറി. അമ്മ ഹോം നഴ്സായി ജോലി ചെയ്യുകയും ഞാന്‍ ഹോസ്റ്റലില്‍ നിന്ന് പഠനം തുടരുകയും ചെയ്തു,” മഞ്ജു പറഞ്ഞു.

റോസ്ലിയും സജീഷും തമ്മിലും പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായും മഞ്ജും ആരോപിക്കുന്നു. ഫോണില്‍ സംസാരിക്കാന്‍ പോലും റോസ്ലിയെ സജീഷ് അനുവദിച്ചിരുന്നില്ലെന്നാണ് മഞ്ജു പറയുന്നത്. തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി സജീഷും വെളിപ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് പോയതിന് ശേഷം റോസ്ലിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നെന്നും സജീഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റോസ്ലി ലോട്ടറി വില്‍പ്പന നടത്തുന്ന കാര്യം സംബന്ധിച്ച് സജീഷിനും മഞ്ജുവിനും അറിവില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Two lives in kerala human sacrifice life of rosli and padmam