ന്യൂഡൽഹി: കേരള കോൺഗ്രസിൽ തുടരുന്ന തർക്കങ്ങൾക്കിടയിൽ പി ജെ ജോസഫ് വിഭാഗത്തിന് തിരിച്ചടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റ തീരുമാനം. കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ചിഹ്നം വേണമെന്ന അവകാശവാദം തള്ളിയാണ് കമ്മീഷന്റെ തീരുമാനം. പാർട്ടിയുടെ പേര് ജോസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.
അതേസമയം ന്യൂനപക്ഷ വിധിയെഴുതി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ. രണ്ടുകൂട്ടരെയും കേരള കോണ്‍ഗ്രസ് (എം) എന്ന് കണക്കാക്കാനാകില്ലെന്ന് ലവാസ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്നംഗങ്ങളിൽ രണ്ടുപേരാണ് ചിഹ്നം ജോസ് വിഭാഗത്തിന് നൽകുന്നതിനെ അനുകൂലിച്ചത്. ഒരംഗം ഈ തീരുമാനത്തെ എതിർത്തു.
കേരള കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന വിധിയാണിതെന്നും കെഎം മാണിയുടെ വിജയമാണെന്നും ജോസ് കെ മാണി പ്രതികരിച്ചു. കെ.എം. മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി കൂടിയാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പിജെ ജോസഫ് പ്രതികരിച്ചു. കമ്മീഷനിലെ ഒരംഗം തീരുമാനത്തെ എതിർത്ത സാഹചര്യത്തിലാണ് അപ്പീൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: വെഞ്ഞാറമൂട് ഇരട്ടക്കൊലയെ അപലപിച്ച് മുഖ്യമന്ത്രി; സമഗ്രമായ അന്വേഷണത്തിനു നിർദേശം നൽകി
പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാർഥിയായിരുന്ന ടോം ജോസഫിന് രണ്ടില ചിഹ്നം ലഭിച്ചിരുന്നില്ല. രണ്ടില ചിഹ്നം ലഭിക്കാൻ ജോസ് കെ.മാണി വിഭാഗം പരിശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം ആർക്കും നൽകില്ലെന്ന തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടു. കേരളാ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ 2943 വോട്ടിനാണു വിജയിച്ചത്.