പാലാ: ജോസ് കെ.മാണി വിഭാഗവും യുഡിഎഫും സംയുക്തമായി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നമില്ല. ജോസ് ടോം പുലിക്കുന്നേല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ടി വരും. കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി എന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക വരണാധികാരി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയിലായിരിക്കും ജോസ് ടോം മത്സരിക്കുക.
താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാണെന്നും മാണി സാറിന്റെ മുഖമാണ് ചിഹ്നമെന്നും ജോസ് ടോം പറഞ്ഞു. യുഡിഎഫ് പറയുന്ന ഏത് ചിഹ്നത്തിലും മത്സരിക്കാൻ തയ്യാറാണെന്നും രണ്ടില നഷ്ടപ്പെട്ടതിൽ ആശങ്കയില്ലെന്നും വരണാധികാരിയുടെ തീരുമാനത്തിന് പിന്നാലെ ജോസ് ടോം പറഞ്ഞു.
Read Also: Kerala Weather: കേരളത്തില്‍ ചിലയിടത്ത് ശക്തമായ മഴ ലഭിച്ചു; ഒന്‍പത് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
പി.ജെ.ജോസഫ് വിഭാഗത്തിന് ആശ്വാസമായ തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന നിലപാടിൽ ജോസഫ് ഉറച്ചുനിന്നതോടെയാണ് ജോസ് കെ.മാണി വിഭാഗത്തിന് തിരിച്ചടിയായത്. ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത തീരുമാനം ഇടുക്കി മുൻസിഫ് കോടതി സ്റ്റേ ചെയ്ത കാര്യം പി.ജെ.ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ, തന്നെ വർക്കിങ് ചെയർമാനായ താനാണ് കേരളാ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടതും രണ്ടില ചിഹ്നം അനുവദിക്കേണ്ടതും എന്ന് വരണാധികാരിക്ക് ജോസഫ് കത്ത് നൽകിയിരുന്നു.
വർക്കിങ് ചെയർമാൻ എന്ന നിലയിൽ താൻ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും കേരളാ കോൺഗ്രസ് എമ്മിന് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്നുമാണ് ജോസഫ് വ്യക്തമാക്കുന്നത്. രണ്ടില ചിഹ്നം അനുവദിക്കാൻ സാധിക്കില്ലെന്ന നിലപാട് നേരത്തെ തന്നെ ജോസഫ് പരസ്യമാക്കിയിരുന്നു.
Read Also: മാണി സാറല്ലേ ചിഹ്നം, രണ്ടില നല്‍കുന്ന പ്രശ്‌നമേയില്ല: പി.ജെ.ജോസഫ്
യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കുന്ന പ്രശ്‌നമേയില്ലെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് ഇന്ന് രാവിലെ പറഞ്ഞിരുന്നു. കെ.എം.മാണി സാറാണ് ചിഹ്നമെന്നാണ് പറഞ്ഞത്. രണ്ടില വേണമെന്ന് സ്ഥാനാര്‍ഥിയും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് ഔദ്യോഗിക ചിഹ്നമായ രണ്ടില നല്‍കില്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി.
ചിഹ്നം വേണ്ട എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ രണ്ടില ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ജോസഫ് ചോദിക്കുന്നു. ‘വര്‍ക്കിങ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് ഓഫ് വര്‍ക്കിങ് ചെയര്‍മാന്‍’ എന്ന രീതിയില്‍ തന്നെ അംഗീകരിക്കാതെ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. ജോസ് കെ.മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് മുന്‍സിഫ് കോടതി തടഞ്ഞിരിക്കുകയാണ്. ചെയര്‍മാന്‍ അല്ലാതെ മറ്റാര്‍ക്കും രണ്ടില ചിഹ്നം അനുവദിക്കാന്‍ അവകാശമില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം സമര്‍പ്പിച്ച രണ്ടു പത്രികയിലും പിഴവുണ്ടെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ജോസ് ടോം മത്സരിക്കുന്നത് പാര്‍ട്ടി ഭരണഘടനയ്‌ക്കെതിരാണ്. ജോസ് ടോം കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയല്ലെന്നും യുഡിഎഫ് നിര്‍ബന്ധിച്ചതുകൊണ്ടാണ് സ്ഥാനാര്‍ഥിയെ പിന്തുണച്ചതെന്നും ജോസഫ് പറഞ്ഞു.
ജോസ് ടോമിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പരിഗണിക്കരുതെന്ന് ജോസഫ് പക്ഷം ജില്ലാ വരണാധികാരിയോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ ചെയര്‍മാന്റെ അനുമതിപത്രം വേണമെന്നാണ് നിലപാട്. ജോസ് ടോമിന്റെ ഫോമില്‍ ഒപ്പിട്ടതിനെചൊല്ലിയും തര്‍ക്കമുണ്ടായി. സീല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേതല്ലെന്നാണ് ജോസഫ് വിഭാഗം വാദിക്കുന്നത്. ഫോം ബിയില്‍ ഒപ്പിട്ട സ്റ്റീഫന്‍ ജോര്‍ജ് ഔദ്യോഗിക ഭാരവാഹിയല്ലെന്നും ജോസഫ് വിഭാഗം പറഞ്ഞു. ഇതെല്ലാമാണ് രണ്ടില അനുവദിക്കാതിരിക്കാൻ കാരണം.
ജോസഫ് വിഭാഗത്തിൽ നിന്ന് നാമനിർദേശ പത്രിക നൽകിയ ജോസഫ് കണ്ടത്തിൽ നാമനിർദേശ പത്രിക പിൻവലിച്ചു. ടോം ജോസിന് രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന തീരുമാനം വന്നതോടെയാണ് നേരത്തെ നൽകിയ നാമനിർദേശ പത്രിക ജോസഫ് കണ്ടത്തിൽ പിൻവലിച്ചത്.