കോട്ടയം: ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകളും കൃഷിയിടങ്ങളുമാണ് മലവെള്ളപ്പാച്ചിലിൽ നാമാവശേഷമായത്. മുണ്ടക്കയത്ത് ഇരുനില വീട് ശക്തമായ മലവെള്ളപ്പാച്ചിലിൽ നിലംപൊത്തുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
മുണ്ടക്കയം കുട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലിൽ ഇന്ന് രാവിലെ ഒഴുകിപ്പോയത്. അപകട സാധ്യത ഉണ്ടായിരുന്നതിനാൽ വീട്ടിലുള്ളവരെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
വീടിനു പിന്നിലുള്ള പുഴ കരകവിഞ്ഞു കുത്തിയൊലിച്ചു വന്നതാണ് വീട് നിന്ന നില്പിൽ നിലംപൊത്താൻ കാരണമായത്. ശക്തമായ ഒഴുക്കിൽ വീടിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോവുകയായിരുന്നു. അതിനു പിന്നാലെ വീട് പുഴയിലേക്ക് നിലംപൊത്തി.
വീടിനും റോഡിനുമിടയിടയിൽ ചെറിയ വിള്ളൽ വീഴുന്നതും വീടു പതിയെ ഉയർന്ന് വലിയ ശബ്ദത്തോടെ പുഴയിലേക്ക് മറിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
Also Read: Kerala Weather Live Updates: കൊക്കയാറില്‍ നാല് മൃതദേഹങ്ങൾ കണ്ടെത്തി; മഴക്കെടുതിയില്‍ മരണം 17