കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിക്കപ്പെട്ടുവെന്ന് സുപ്രീംകോടതി കണ്ടെത്തിയ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി തയാറാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ. അഞ്ച് മിനിറ്റിനുള്ളിൽ ആദ്യ രണ്ട് ഫ്ലാറ്റുകൾ നിലംപതിക്കും. ജനുവരി 11,12 തീയതികളിലാണ് ഫ്ലാറ്റ് പൊളിക്കുന്നത്.
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ സമയക്രമത്തില്‍ നേരിയമാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ രണ്ട് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് അര മണിക്കൂർ ഇടവേളയുണ്ടായിരുന്നു. ഇത് അഞ്ച് മിനിറ്റായി ചുരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലാ ഭരണകൂടവും മരട് നഗരസഭയും ചേര്‍ന്ന് പുറത്തിറക്കിയ പട്ടികയിലാണ് സമയക്രമത്തിലെ വ്യത്യാസം പരാമര്‍ശിച്ചിരിക്കുന്നത്. ആദ്യം എച്ച്.ടു.ഒയും പിന്നീട് ആല്‍ഫാ സെറീനും പൊളിക്കും.
ഫ്ലാറ്റ് പൊളിക്കുമ്പോൾ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു.
പൊളിക്കുന്നതിന് മുമ്പ് പരിസരത്തുള്ള എല്ലാ വീടുകളിലും ആളുകളില്ലെന്ന് ഉറപ്പ് വരുത്തും. ഓരോ ഫ്ലാറ്റിന് സമീപവും 500 പൊലീസുകരെ വീതം നിയോഗിക്കും. അഞ്ച് മിനിറ്റ് മുമ്പ് ഗതാഗതം വഴിതിരിച്ചുവിടും.
അതേസമയം പൊളിക്കുന്നതിനായി മരട് ഫ്‌ളാറ്റുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ ഏഴു മണിയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ ഫ്‌ളാറ്റിലെത്തിയത്. ഹോളിഫെയ്ത്തില്‍ 1,471 ദ്വാരങ്ങളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറക്കുന്നത്. എഡിഫിസ് കമ്പനിയാണ് ഇവിടെ പൊളിക്കാന്‍ തുടങ്ങുന്നത്. ഇവര്‍ തന്നെ പൊളിക്കുന്ന ജെയിന്‍, കായലോരം ഫ്‌ളാറ്റുകളിലും അടുത്ത ദിവസങ്ങളിലും പൊളിക്കല്‍ ആരംഭിക്കും.