മലപ്പുറം: പാണ്ടിക്കാട് അല്‍ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒരു ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ട് തരത്തില്‍ യൂണിഫോം. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും പ്രത്യേകം യൂണിഫോമാണ് ഇവിടെ എന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വേര്‍തിരിവ് കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാക്കുമെന്നതിനാല്‍ യൂണിഫോമില്‍ ഇത്തരത്തിലൊരു വിവേചനം വേണ്ടെന്ന് കുട്ടികളും മാതാപിതാക്കളും ആവശ്യപ്പെട്ടിട്ടും ഇത് മാറ്റാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. സ്‌കൂളില്‍ പുതിയതായി എത്തിയ പ്രിന്‍സിപ്പലാണ് ഈ നിയമം കൊണ്ടുവന്നത്. തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞു.

യൂണിഫോം എകീകരിക്കണമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം, സംഭവം കുട്ടികളില്‍ വിഷമം ഉണ്ടാക്കിയെങ്കില്‍ താന്‍ മാപ്പു ചോദിക്കുന്നുവെന്നും. പഠനത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ പ്രചോദനമാകും എന്നു കരുതിയാണ് ഇത് നടപ്പാക്കിയതെന്നും പ്രിന്‍സിപ്പലും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ