അടിമാലി: കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നേര്യമംഗലം തലക്കോട് സ്വദേശികളായ സിജി, സന്തോഷ് എന്നിവരാണ് മരിച്ചത്.
ദേശിയപാതയിൽ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി രാത്രി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്. അടിമാലിയിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന ടോറസ് ലോറി 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.
ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ഏറെ നേരത്തെ തിരച്ചിലിനു ശേഷം പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൊക്കയിലേക്ക് പതിച്ച്പല തവണ മറിഞ്ഞ ശേഷം വാഹനം ദേവിയാറിന്റെ കരയിൽ പതിച്ചു. ഹൈവേ പൊലീസും നാട്ടുകാരും വനപാലകരും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. മൂവാറ്റുപുഴയിൽ നിന്നും ക്രെയിൻ എത്തിച്ച് ലോറിയുടെ ഭാഗങ്ങൾ ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷം അപകടത്തിൽ പെട്ടവരെ പുറത്തെടുക്കുകയായിരുന്നു.
Also Read: ഗൂഢാലോചനക്കേസ്: ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും