മലപ്പുറം: തിരൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരൂര്‍ പറവണ്ണയിലാണ് സംഭവം. തേവര്‍ കടപ്പുറം പുളിങ്ങോട് ഹനീഫയുടെ മകന്‍ അസ്താര്‍ (22), പുരയ്ക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കൈകള്‍ക്കും കാലുകള്‍ക്കും പരുക്കേറ്റ രണ്ടു പേരേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി ഒമ്പതരയോടെ ബി എംഇഎസിന് അടുത്തുള്ള ബീച്ചിന് സമീപമാണ് സംഭവം നടന്നത്. സംഘം ചേര്‍ന്നെത്തിയ ആക്രമികള്‍ ഇരുവരെയും വെട്ടുകയായിരുന്നു. അക്രമി സംഘത്തില്‍ പത്തോളം പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
പ്രദേശത്ത് സിപിഎം-മുസ്‌ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നതാണ്. രണ്ടാഴ്ച മുന്‍പ് ഇവിടെ ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. അതിനു മുന്‍പ് സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റിരുന്നു.