തിരുവനന്തപുരം: ഒരു ആഗോള സമൂഹ മാധ്യമത്തിന്റെ സ്ഥാപകന്‍ ഇതാദ്യമായി കേരളത്തില്‍ നിക്ഷേപം നടത്തുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ മേല്‍ നോട്ടത്തിലുള്ളതും കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ സീവ് എന്ന സ്റ്റാര്‍ട്ടപ്പിലാണ് ട്വിറ്റര്‍ സഹസ്ഥാപകനും ഏന്‍ജല്‍ നിക്ഷേപകനുമായ ബിസ്സ്‌റ്റോണ്‍ നിക്ഷേപം നടത്തുന്നത്.

കോവളത്തു നടക്കുന്ന ഹഡില്‍ കേരള-2019 സ്റ്റാര്‍ട്ടപ് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷി നിര്‍ത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ബിസ്സ്‌റ്റോണ്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ഭിന്നശേഷിയെ അതിജീവിച്ച് വിജയം കൈവരിച്ച സഞ്ജയ് നെടിയറ എന്ന യുവസംരംഭകനാണ് സീവിനു തുടക്കമിട്ടത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തില്‍ വെബ്‌സൈറ്റ് തുടങ്ങുന്നതുമുതല്‍ ഡിജിറ്റല്‍ കൈയൊപ്പുകളും ഇന്‍വോയ്‌സ് അടക്കമുള്ള ധനവിനിമയവും സാധ്യമാക്കുന്നതുമായ പ്രവര്‍ത്തനമാണ് സീവ് നടത്തുന്നത്. ഇപ്പോള്‍ അമേരിക്കന്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന സീവ്യൂറോപ്പിലേയ്ക്കുള്ള വിപണി പ്രവേശം ഉടന്‍ സാധ്യമാക്കും.

ഒരു സ്വതന്ത്ര സംരംഭകനെന്ന നിലയില്‍ താന്‍ സീവിന്റെ ഉല്പന്നം ഉപയോഗിച്ചുവെന്നും നിക്ഷേപകനെന്ന നിലയില്‍ ഒന്നാമതായി സഞ്ജയ് എന്ന വ്യക്തിക്കും പിന്നീട് അദ്ദേഹത്തിന്റെ ഉല്പന്നത്തിനും മുന്‍ഗണന നല്‍കുകയാണെന്നും നിക്ഷേപം പ്രഖ്യാപിച്ചുകൊണ്ട് ബിസ്സ്‌റ്റോണ്‍ വ്യക്തമാക്കി. സമര്‍പ്പണ മനോഭാവവും സഹാനുഭൂതിയും കഠിനാധ്വാനവും കൈമുതലായുള്ള സംരംഭകനാണ് സഞ്ജയ് എന്ന് ബിസ്സ്‌റ്റോണ്‍ വിശേഷിപ്പിച്ചു.

നേരത്തെ, ഇന്ത്യയിലെ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നേരിട്ട് നിക്ഷേപം നടത്തുമെന്ന് ഫെയ്‌സ്ബുക്ക്-ഇന്ത്യ മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ ശ്രീ അജിത് മോഹന്‍ അറിയിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമായ ‘ഹഡില്‍ കേരള’യുടെ രണ്ടാം പതിപ്പിന്റെ ആദ്യ സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook