/indian-express-malayalam/media/media_files/2025/12/13/twenty-20-2025-12-13-11-59-57.jpg)
Kerala Local Body Election Result 2025
Kerala Local Body Election Result 2025: കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകങ്ങളിൽ അടിപതറി ട്വന്റി 20. കുന്നത്തുനാടും കിഴക്കമ്പലവും അടക്കമുള്ള പഞ്ചായത്തിൽ ട്വന്റി 20 രണ്ടാം സ്ഥാനത്തേക്ക് പോകുന്ന കാഴ്ചയാണ് വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ കാണാൻ കഴിഞ്ഞത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കുന്നത്തുനാട്ടിൽ യുഡിഎഫ് പത്ത് സീറ്റുകളിൽ വിജയം ഉറപ്പിച്ചപ്പോൾ ഒൻപതിടത്ത് മാത്രമാണ് ട്വന്റി ട്വന്റിയ്ക്ക് വിജയം നേടാനായത്. രണ്ടിടത്ത് എൽഡിഎഫും വിജയം ഉറപ്പിച്ചു.
Also Read:സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം, അടിപതറി എൽഡിഎഫ്
ആദ്യ മണിക്കൂറിൽ കിഴക്കമ്പലത്തും ട്വന്റി 20 കിതയ്ക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞതെങ്കിലും പിന്നീട് ട്വന്റി ട്വന്റി നില മെച്ചപ്പെടുത്തി. ആകെയുള്ള 23 സീറ്റിൽ 22 ഇടത്തും ട്വന്റി ട്വന്റി മികച്ച വിജയം നേടി. അതേസമയം, ഇടുക്കി പഞ്ചായത്തിൽ ട്വന്റി ട്വന്റി അക്കൗണ്ട് തുറന്നു. ഇടുക്കി ജില്ലയിലെ മണക്കാട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ട്വന്റി 20 വിജയിച്ചത്. ഇവിടെ പാർട്ടി സ്ഥാനാർഥി ജെസ്സി ജോണി വിജയം കണ്ടു. ജില്ലയിൽ പാർട്ടി അക്കൗണ്ട് തുറക്കുന്നത് ഇതാദ്യമായാണ്.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ എല്ലാ ജില്ലകളിലും യുഡിഎഫ് തേരോട്ടമാണ് കാണാനാകുന്നത്. . തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയും കോഴിക്കോട്ട് എൽഡിഎഫും ലീഡ് ചെയ്യുമ്പോൾ മറ്റ് കോർപറേഷനുകളിൽ യുഡിഎഫ് ആധിപത്യം ഉറപ്പിക്കുന്നു. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തിൽ ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് എൽഡിഎഫിന് ആശ്വാസത്തിന് വകയുള്ളത്.
Also Read:ഇടതുകോട്ടകളെ ഞെട്ടിച്ച് കണ്ണൂർ നഗരത്തിൽ യുഡിഎഫ് തേരോട്ടം
മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് 41 ഇടത്തും എൽഡിഎഫ് 31 ഇടത്തും എൻഡിഎ മൂന്നിടത്തും മുന്നിട്ടുനിൽക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ 66 ഇടത്ത് എൽഡിഎഫും 60 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എൻഡിഎയും ഭരണം പിടിക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 297 ഇടത്ത് എൽഡിഎഫും 261 ഇടത്ത് യുഡിഎഫും 26 ഇടത്ത് എൻഡിഎയും മുന്നേറുന്നു. സീറ്റുകളുടെ എണ്ണം പരിശോധിച്ചാൽ ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 885 സീറ്റുകളിലും യുഡിഎഫ് 709 സീറ്റുകളിലും എൻഡിഎ 216 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ 151 ഇടത്ത് എൽഡിഎഫും 144 ഇടത്ത് യുഡിഎഫും ഒമ്പത് സീറ്റുകളിൽ എൻഡിഎയും മുന്നിലാണ്. ജില്ലാ പഞ്ചായത്തിലെ 46 വാർഡുകളിൽ യുഡിഎഫും 39 വാർഡുകളിൽ എൽഡിഎഫും മൂന്ന് വാർഡുകളിൽ എൻഡിഎയും മുന്നേറ്റം നടത്തുന്നു. മുനിസിപ്പാലിറ്റികളിൽ 316 സീറ്റുകളിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ഇവിടെ എൻഡിഎ 93 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.
Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ സർജിക്കൽ സ്‌ട്രൈക്ക്
രണ്ട് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാർഡുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. കൂടാതെ 86 നഗരസഭകളിലെ 3,205 വാർഡുകളിലും ആറ് കോർപറേഷനുകളിലെ 421 വാർഡുകളിലും ജനവിധി തേടിയിരുന്നു.
Read More:തദ്ദേശ തിരഞ്ഞെടുപ്പ്; ജനഹിതം ഇന്നറിയാം, വോട്ടെണ്ണൽ 244 കേന്ദ്രങ്ങളിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us