കൊച്ചി: സിപിഎം പ്രവർത്തർകരുടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകുന്നേരം കാക്കനാട് അത്താണിയിലെ ശ്മശാനത്തിൽ സംസ്കരിക്കും.
കുടുംബക്കാരുടെ ആവശ്യപ്രകാരമാണ് പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയോടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയിരുന്നു. ഇന്ന് രാവിലെ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം കിഴക്കമ്പലത്ത് എത്തിക്കുന്ന മൃതദേഹം ട്വന്റി ട്വന്റി നഗറിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് വീട്ടിലെത്തിക്കുന്ന മൃതദേഹം മരണാനന്തര ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം 5.30 ഓടെ അത്താണിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ സ്ട്രീറ്റ് ലൈറ്റുകൾ പുതുക്കുന്നതിനുള്ള ‘സ്ട്രീറ്റ് ലൈറ്റ്’ ചലഞ്ച് പദ്ധതിയെ എംഎൽഎ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിനിടെയായിരുന്നു ദീപുവിന് മര്‍ദനേറ്റത്. മർദ്ദനമേറ്റ് ചികിത്സയിൽ കഴിയവേയാണ് ദീപുവിന്റെ മരണം.
ദീപുവിന്റെ മരണത്തിനു പിന്നാലെ സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങളുമായി ട്വന്റി ട്വന്റി മുന്നോട്ട് വന്നിരുന്നു. ഇന്നലെ എംഎൽഎ നടത്തിയ പ്രതികരണവും ട്വന്റി ട്വന്റി പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദീപുവിന്റെ മരണകാരണം മാറ്റിയെഴുതാൻ എംഎൽഎ ശ്രമിക്കുന്നുവെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കളും ട്വന്റി ട്വന്റി ഭാരവാഹികളും ഉയർത്തിയത്.
സംഭവത്തിൽ സി.പി.എം. കാവുങ്ങല്‍പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന് (36), പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം (27), നെടുങ്ങാടന്‍ ബഷീര്‍ (36), വലിയപറമ്പില്‍ അസീസ് (42) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read: ദീപുവിന്റെ മരണം; സിപിഎമ്മിനും എംഎൽഎയ്ക്കുമെതിരെ ആരോപണവുമായി വാർഡ് മെംബർ