കൊച്ചി: എറണാകുളം മഴുവന്നൂർ പഞ്ചായത്തിൽ ട്വന്റി ട്വന്റിയിൽ നിന്ന് നാൽപതോളം പ്രവർത്തകർ രാജിവച്ചതായി റിപ്പോർട്ട്. പാർട്ടിയുടെ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ കാര്യക്ഷമമല്ലെന്ന് പറഞ്ഞാണ് പ്രവർത്തകർ രാജിവച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 19 വാർഡുകളിൽ 14 ഇടത്തും വിജയിച്ച് ട്വന്റി ട്വന്റി അധികാരത്തിലെത്തിയ പഞ്ചായത്താണ് മഴുവന്നൂർ.
ട്വന്റി ട്വന്റിയുടെ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ കാര്യക്ഷമമല്ലെന്നും തിരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും സംഘടന വിട്ടവർ പറഞ്ഞു. സംഘടന വിട്ടവർ സിപിഎമ്മിന് ഒപ്പം പോവുമെന്നാണ് വിവരം. ഇവരെ ഒപ്പം നിർത്താൻ സിപിഎം തീരുമാനിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
വ്യവസായസ്ഥാപനമായ കിറ്റക്സിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സംഘടനയാണ് ട്വന്റി ട്വന്റി. കേരളത്തിൽ പ്രഖ്യാപിച്ച വ്യവസായ പദ്ധതിയിൽ നിന്നുള്ള കിറ്റക്സ് ചെയർമാൻ സാബു എം ജേക്കബിന്റെ പിന്മാറ്റത്തിനും തുടർന്നുള്ള വിവാദങ്ങൾക്കും പിറകെയാണ് സംഘടനയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക്.
Read More: തെലങ്കാനയിൽ 1000 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റക്സ്
3500 കോടിയുടെ വ്യവസായ പദ്ധതിയിൽ നിന്നായിരുന്നു കിറ്റക്സ് പിന്മാറിയത്. പിന്നീട് തെലങ്കാനയിൽ കിറ്റക്സ് ഗ്രൂപ്പ് 1000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ധാരണയിലെത്തിയിരുന്നു. ജൂലൈ ഒമ്പതിന് തെലങ്കാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച സംസ്ഥാനത്തെത്തിയ കിറ്റക്സ് അന്ന് നടത്തിയ ചർച്ചയിലാണ് വാറങ്കലിലെ മെഗാ ടെക്സ്റ്റൈൽ പാർക്കില് 1000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ധാരണയിലെത്തിയത്.
കേരളം വിട്ട് പോകുന്നത് ഇഷ്ടമുണ്ടായിട്ടല്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കുകയായിരുന്നുവെന്നും സാബു ജേക്കബ് യാത്ര തിരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നു.