കൊച്ചി: കിഴക്കമ്പലം പഞ്ചായത്ത് ഭരണം നടത്തുന്ന ട്വൻറി -20യിൽ ഭിന്നത. പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം പ്രമേയം അവതരിപ്പിക്കാൻ പൊലീസ് സംരക്ഷണം തേടി ഭരണസമിതിയിലെ 14 അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെവി ജേക്കബ് അടക്കുള്ള അംഗങ്ങൾക്കെതിരെയാണ് ഹർജി.

ജീവന് ഭീഷണിയുണ്ടന്നും ജനുവരി മൂന്നിന് നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ സംരക്ഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. പ്രശ്നസാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷനും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജിയിൽ പൊലീസിന്റെ നിലപാട് തേടിയ കോടതി കേസ് പരിഗണിക്കുന്നത് ഡിസംബർ 31ലേക്ക് മാറ്റി.

Read Also: കൊച്ചിയിലെ പൗരത്വപ്രക്ഷോഭത്തിൽ പങ്കെടുത്ത നോര്‍വെ സ്വദേശിനിക്ക് ഇന്ത്യ വിടാന്‍ നിര്‍ദേശം

വാർഷിക പദ്ധതി നിർവഹണം സമയബന്ധിതമായി നടപ്പാക്കുന്നതിലും ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപിക്കുന്നതിലും പഞ്ചായത്ത് പ്രസിഡന്റ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയം. പഞ്ചായത്ത് പ്രസിഡന്റിന്റെയും കൂട്ടാളികളുടെയും ഭാഗത്ത നിന്ന് ഭീഷണിണ്ടെന്നും ചർച്ചയിൽ പങ്കെടുപ്പിക്കില്ലന്ന മുന്നറിയിപ്പുമായി നോട്ടിസ് വിതരണം ചെയ്തതായും ഹർജിയിൽ ആരോപിക്കുന്നു.

19 അംഗ പഞ്ചായത്തിൽ 17 അംഗങ്ങളെ വിജയിപ്പിച്ച ട്വൻറി-20 മൃഗീയ ഭൂരിപക്ഷം നേടിയാണ് അധികാരത്തിലെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് എട്ട് മാസം ശേഷിക്കെയാണ് പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത ഉടലെടുത്തിരിക്കുന്നത്.

വസ്ത്ര നിർമാതാക്കളായ കിറ്റക്സ് കമ്പനി സ്പോൺസർ ചെയ്യുന്ന സംഘടനയാണ് ട്വന്റി-20. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിലേറിയ ഏക അരാഷ്ടീയ സംഘടനയാണ് ട്വിന്റി-20.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.