തിരുവനന്തപുരം: ആമ്പൂരിയിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൂവാര്‍ പുത്തന്‍കടയില്‍ രാജന്റെ മകള്‍ രാഖി മോളുടെ (25) മൃതദേഹമാണ് അമ്പൂരിക്കു സമീപം തട്ടാമുക്കിൽ പുതുതായി പണിയുന്ന വീടിനു പിന്നിലെ പുരയിടത്തിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകത്തിനു പിന്നിൽ ഡല്‍ഹിയില്‍ സൈനികനായ അമ്പൂരി തട്ടാന്മുക്കില് അഖില്‍ എന്നയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ നിര്‍മാണം നടക്കുന്ന വീടിനു സമീപമുള്ള റബര്‍ പുരയിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അഖിലും സഹോദരന് രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അഖില്‍ കൊലപാതകത്തിനു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആദര്‍ശ് പിടിയിലായെങ്കിലും രാഹുല്‍ ഒളിവിലാണ്.
Read More: യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ
മൃതദേഹത്തിന് 20 ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം എളുപ്പത്തില്‍ ജീര്‍ണിച്ച് പോവാന്‍ വേണ്ടി ഉപ്പ് ഉപയോഗിക്കാറുണ്ട്. കൂടാതെ അഴുകിയ മൃതദേഹത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാകാനോ നായ്ക്കളോ മറ്റോ കുഴി തോണ്ടാതിരിക്കാനുമാണ് ഉപ്പ് വിതറിയതെന്നാണ് നിഗമനം. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുവതിയെ കാണാതായിട്ട് ഒരുമാസത്തിലേറെയായിരുന്നു. മൃതദേഹത്തിനും ഒരുമാസത്തെ പഴക്കമുണ്ട്. രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.
Read More: ഞെട്ടിക്കുന്ന വഴിത്തിരിവ്: രാഖിയും അഖിലും വിവാഹിതരായിരുന്നെന്ന് പൊലീസ്; മൃതദേഹത്തില്‍ താലിമാല
അന്വേഷണം വഴിമുട്ടിക്കാനായി കൊലപാതകത്തിന് ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും അഖിലും സംഘവും അയ്ക്കുകയും ചെയ്തു. ജൂണ്‍ 21നാണ് രാഖി വീട്ടില്‍നിന്നു പോയത്. നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പൂരിയിലേക്കു പോവുകയും നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ എത്തുകയും ചെയ്തു. ഇരുവരും എത്തുമ്പോള്‍ അഖിലിന്റെ സഹോദരനും അവിടെ ഉണ്ടായിരുന്നുവെന്നും ഇവിടെ വച്ചായിരിക്കും കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് നിഗമനം.
അതേസമയം, മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിലായതിനാൽ പീഡനം നടന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അഖിലുമായി രാഖി പ്രണയത്തിലായിരുന്നു. അഖിലിന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം.