തൃശ്ശൂര്‍: മാന്ദാമംഗലം പള്ളിയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പള്ളി അടച്ചിടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് പള്ളിയ്ക്കകത്ത് കുത്തിയിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ പുറത്തേയ്ക്ക് പോയി. പള്ളിയുടെ മുന്‍വശത്തെ വാതില്‍ പൂട്ടി. സമാധാനസ്ഥിതി ഉണ്ടാകാതെ പള്ളി തുറക്കേണ്ടെന്നാണ് തീരുമാനം. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുമായി ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.
അറസ്റ്റ് ഒഴിവാക്കാന്‍ പള്ളിയുടെ പിന്നിലെ വാതില്‍ വഴിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ പുറത്തേക്ക് പോയത്. സ്ത്രീകളടക്കം നൂറോളം വിശ്വാസികളാണ് പള്ളിയില്‍ കുത്തിയിരിപ്പ് നടത്തിയിരുന്നത്. ഇന്നലെ അര്‍ധരാത്രി ഉണ്ടായ സംഘര്‍ഷത്തിന്റെയും കല്ലേറിന്റെയും സാഹചര്യത്തിലാണ് കളക്ടര്‍ ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്.
പള്ളിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ അതേച്ചൊല്ലിയുള്ള കോടതിവിധിയെക്കുറിച്ചോ ഇന്ന് ചര്‍ച്ച നടത്തില്ലെന്ന് നേരത്തേ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ ഇന്നലെ രാത്രി ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് മാത്രമാണ് ചര്‍ച്ചയെന്നും കളക്ടര്‍ വ്യക്തമാക്കി.
മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായ -ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റിരുന്നു. രാത്രി 11 മണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. പള്ളിക്ക് മുന്‍പില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും പള്ളിക്കകത്ത് യാക്കോബായ വിഭാഗവും സംഘടിച്ച് നിന്നു. രാത്രി 12 മണിയോടെ പൊലീസ് ഇരുവരെയും നീക്കിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.
സംഘര്‍ഷത്തില്‍ പൊലീസ് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി.
പള്ളി പ്രവേശനം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസമായി ഓര്‍ത്തഡോക്‌സ് വിഭാഗം ഇവിടെ സമരത്തിലായിരുന്നു. ഇന്നലെ രാത്രി 11 മണിക്ക് ഗേറ്റ് തുറന്നു അകത്തു കടക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചെന്നും ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നുമാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം. അതേസമയം, തങ്ങള്‍ക്കു നേരെ യാക്കോബായ വിഭാഗം കല്ലെറിഞ്ഞെന്നും ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചു.
സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് പള്ളി. ഇവിടെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കോടതി പ്രവേശന അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം സംഘടിച്ച് പള്ളിയില്‍ പ്രവേശിക്കാനെത്തി. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട് യാക്കോബായ വിഭാഗം പള്ളിയില്‍ നേരത്തെ തന്നെ സംഘടിച്ചിരുന്നു. ഇവര്‍ ഗേറ്റ് പൂട്ടി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പ്രവേശനം തടഞ്ഞു. ഇതോടെ ഗേറ്റിനു പുറത്ത് ഓര്‍ത്തഡോക്‌സ് വിഭാഗം പന്തല്‍ കെട്ടി സമരം നടത്തുകയായിരുന്നു.