തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് നിലവിലെ തീരുമാനമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമ. വനം വകുപ്പിന്റെ നിര്‍ദേശാനുസരണമാണ് വിലക്ക് തുടരാന്‍ കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ചതെന്നും അനുപമ ഐഎഎസ് പ്രതികരിച്ചു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഇപ്പോഴും തുടരുകയാണ്. തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ മാത്രമായി ആവശ്യം ഉന്നയിച്ച് ആരും ഇതുവരെ നിയമപരമായി സമീപിച്ചിട്ടില്ല. വനം വകുപ്പിന്റെ നിര്‍ദേശത്തോടെയാണ് വിലക്ക് തുടരുന്നതെന്നും അനുപമ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
Read More: വിഷു ആശംസകള്‍ നേര്‍ന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ‘സേവ് രാമന്‍’ ക്യാമ്പയിന്‍
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ മന്ത്രിമാര്‍ ഇടപെടുന്നതായി വാര്‍ത്തകളുണ്ടല്ലോ എന്ന ചോദ്യത്തോട് കളക്ടര്‍ പ്രതികരിച്ചില്ല. തന്റെ ജോലിയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും സോഷ്യല്‍ മീഡിയയിലെ ക്യാമ്പയിനെ കുറിച്ചും വിമര്‍ശനങ്ങളെ കുറിച്ചും യാതൊന്നും പ്രതികരിക്കാനില്ലെന്നും ടി.വി.അനുപമ കൂട്ടിച്ചേര്‍ത്തു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീട്ടിയ നടപടിയില്‍ പ്രതിഷേധിച്ച് ടി.വി.അനുപമയുടെ ഫേസ്ബുക്ക് പേജില്‍ നേരത്തെ സേവ് രാമന്‍ ക്യാമ്പയിന്‍ നടന്നിരുന്നു. എന്നാല്‍, ഏറെ പേര്‍ കളക്ടറുടെ നടപടി ഉചിതമാണെന്ന നിലപാടെടുത്ത് പിന്തുണ അറിയിക്കുകയും ചെയ്തു. കുട്ടികളടക്കം 13 പേരെ കൊലപ്പെടുത്തിയ ആനയെ പൂരങ്ങളില്‍ നിന്ന് വിലക്കിയത് ശരിയായ നടപടിയാണെന്ന് നിരവധി പേര്‍ വാദിക്കുന്നുണ്ട്.
അതേസമയം, തൃശൂരില്‍ നിന്നുള്ള മന്ത്രിമാര്‍ക്കെതിരെയും വനംവകുപ്പ് മന്ത്രിക്കെതിരെയും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള വിലക്ക് നീക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രസംഗിച്ച മന്ത്രിമാര്‍ യാതൊരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നുണ്ട്.
Read More: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് തുടരും; തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ സാധിക്കില്ല
തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ കഴിഞ്ഞ ഏപ്രിൽ 25 നാണ് തീരുമാനിച്ചത്. ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ തെച്ചിക്കോട്ടുകാവ് രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് നീട്ടാനാണ് ജില്ലാ കളക്ടര്‍ ഏപ്രിൽ 25 ന് ഉത്തരവിറക്കിയത്. ഇന്ന് രാവിലെ ജില്ലാ കളക്ടർ ടിവി അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല നാട്ടാന നിരീക്ഷണസമിതിയുടെ യോഗത്തിലായിരുന്നു തീരുമാനം.
ഫെബ്രുവരി പത്തിനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവിനെ എഴുന്നള്ളിക്കാനുള്ള വഴികള്‍ അടഞ്ഞു. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും തൃശ്ശൂര്‍ പൂരത്തിനുള്ള ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ അറിയിച്ചു.
തൃശൂര്‍ പൂരത്തിന് വിളംബരമെന്നോണം നെയ്തലക്കാവിലമ്മയുമായി തെക്കേ ഗോപുരനട തുറക്കുക തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഇത്തവണ വിലക്ക് തുടരുകയാണെങ്കില്‍ ഈ ചടങ്ങില്‍ നിന്ന് തെച്ചിക്കോട്ടുകാവിനെ ഒഴിവാക്കേണ്ടി വരും. കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥയിലുള്ള രാമചന്ദ്രന്‍. അമ്പത് വയസിലേറെ പ്രായമുള്ള ആനക്ക് കാഴ്ചശക്തി കുറവാണ്.