തൃശൂര്‍: സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും താരമാണ് തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ ഐഎഎസ്. മുഖം നോക്കാതെ നടപടിയെടുക്കുന്ന, ആവശ്യ സമയത്ത് കൂടെ നില്‍ക്കുന്ന, നേരിനൊപ്പം സഞ്ചരിക്കുന്ന ഭരണാധികാരി. ഇതാണ് മലയാളികള്‍ക്ക് അനുപമ ഐഎഎസ്. ആരെന്ത് വിമര്‍ശിച്ചാലും തന്റെ ജോലി താന്‍ ചെയ്യും എന്ന് പറഞ്ഞുകൊണ്ട് സധൈര്യം മുന്നോട്ടു പോകുന്ന ശൈലിക്ക് ഉടമ.

Read More: തൃശൂര്‍ കലക്ടര്‍ ടി.വി അനുപമയ്ക്ക് വീണ്ടും കേരളം കൈയ്യടിക്കുന്നു

പ്രത്യേക ക്ഷണിതാവല്ലാതിരുന്നിട്ടും ഗുരുവായൂര്‍ ദേവസ്വത്തിലെ സര്‍വീസില്‍ നിന്നും വിരമിക്കുന്ന 13 പേരുടെ യാത്രയയപ്പ് സമ്മേളനത്തിന് ടി.വി അനുപമ എത്തിയത് എല്ലാവരേയും ഒന്ന് അമ്പരപ്പിച്ചു. കലക്ടറായല്ല, കുടുംബാംഗമായി. വേദിയിലേക്കല്ല, ആദ്യം സദസിലേക്കാണ് എത്തിയതെങ്കിലും ദേവസ്വം ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ.ബി. മോഹന്‍ദാസ്, അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിര്‍, ദേവസ്വം വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് വേദിയിലേക്കാനായിച്ചു.

Read More: ദുരിതാശ്വാസത്തിന് റൂം തരില്ലെന്ന് ബാര്‍ അസോസിയേഷന്‍, പൂട്ടുപൊളിച്ച് കലക്ടര്‍ ടിവി അനുപമ

കലക്ടര്‍ എത്തിയപ്പോള്‍ വേദിയും സദസും ഒന്നടങ്കം എഴുന്നേറ്റ് ബഹുമാനിച്ചു. എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ട് ജനപ്രിയ കലക്ടര്‍ നേരെ പോയത് വേദിയിലിരിക്കുന്ന ദേവസ്വത്തിലെ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറായ അമ്മ രമണിയുടെ അടുത്തേക്ക്. വീണ്ടും, കലക്ടറായല്ല മകളായി.

Read More: വീണ്ടും മാസായി കലക്ടര്‍ ടി.വി അനുപമ; പാതിരാത്രി ടോള്‍ഗേറ്റ് തുറപ്പിച്ച് ഗതാഗതക്കുരുക്ക് പരിഹരിച്ചു

പിന്നീട് സദസിന്റെ ശ്രദ്ധ കലക്ടറിലേക്കും അമ്മയിലേക്കും തിരിഞ്ഞു. അതിഥിയായല്ല അനുപമ എത്തിയതെങ്കിലും ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യാന്‍ ദേവസ്വം ചെയര്‍മാന്‍ കലക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു അനുപമ ഐഎഎസ്. ഒടുവില്‍ ചടങ്ങിലെ മുഖ്യാതിഥിതിയാകണമെന്ന ആവശ്യം അംഗീകരിച്ചു.

പിന്നീട് അമ്മയെ കുറിച്ചും ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അമ്മ നല്‍കിയ പിന്തുണയെ കുറിച്ചും ആ മകള്‍ സംസാരിച്ചു. തന്റെ ജീവിതത്തിലെ വളര്‍ച്ചയുടെ ഓരോ പടവും ഇവിടെ നിന്നാണ് കയറിയത്. എന്നെ ഞാനാക്കിയത് അമ്മയാണ്. ഗുരുവായൂര്‍ ദേവസ്വത്തിലെ അമ്മയുടെ ജോലിയാണ് എല്ലാറ്റിനും അവസരമൊരുങ്ങിയത്. അമ്മയുടെ യാത്രയയപ്പ് സമ്മേളനത്തില്‍ ഇങ്ങനെ ലഭിച്ച അവസരം അഭിമാനത്തിന്റെ നിമിഷങ്ങളാണ് സമ്മാനിക്കുന്നതെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.