തിരുവനന്തപുരം: തൃശൂരിലെ പുതിയ കലക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിലവിലെ കലക്ടറായ ടി.വി.അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് പുതിയ കലക്ടറെ നിയമിക്കുന്നത്.

സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ അനുപ തുടര്‍പരിശീലനത്തിനായി മസൂറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും. കഴിഞ്ഞ വര്‍ഷം ജൂണിലാണ് തൃശൂര്‍ ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്നത്. നേരത്തെ ആലപ്പുഴ കലക്ടറായിരുന്നു.

ആലപ്പുഴ കലക്ടറായിരിക്കെ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ നടപടികളുടെ പേരില്‍ അനുപമ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. തൃശൂര്‍ പൂര സമയത്ത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആനയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അനുപമയുടെ നിലപാട് ശ്രദ്ധേയമായിരുന്നു.

നേരത്തെ, തിരുവനന്തപുരം കലക്ടർ വാസുകിയും അവധിയില്‍ പ്രവേശിച്ചിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്നും ആറ് മാസത്തേക്കാണ് വാസുകി അവധിയെടുത്തത്. വ്യക്തിപരമായ കാരണങ്ങളാണ് അവധിക്ക് പിന്നിലെന്നും വാസുകി പറഞ്ഞു. ഇത്രയും നാള്‍ തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറയുകയും ചെയ്തു വാസുകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.