കൊച്ചി: സംസ്ഥാനത്ത് സംഘടിപ്പിച്ച വനിതകളുടെ രാത്രിനടത്തം ഏറെ ആത്മവിശ്വാസം നല്‍കിയ പരിപാടിയാണെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ. ജനങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ ഇത്തരം പരിപാടികള്‍ ആവശ്യമാണെന്നും അവർ ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“രാത്രിനടത്തത്തിനു വന്ന ഭൂരിഭാഗം സ്ത്രീകള്‍ക്കും ഇതൊരു ആദ്യ അനുഭവമാണ്. പൊതു ഇടം തങ്ങളുടേതു കൂടിയാണെന്ന് പ്രഖ്യാപിക്കുകയാണ് ഇതിലൂടെ ചെയ്തത്. വളരെ പോസിറ്റീവായാണ് സ്ത്രീകളെല്ലാം ഇതിനെ കാണുന്നത്,” അനുപമ പറഞ്ഞു.

“ജനങ്ങള്‍ക്ക് മാത്രമല്ല പൊലീസിനു കൂടിയുള്ള സന്ദേശമാണ് ഇതിലൂടെ നല്‍കിയത്. രാത്രിയില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ പുറത്തിറങ്ങി നടന്നാല്‍ പൊലീസ് അതിനെ ചോദ്യം ചെയ്യുന്ന രീതിയൊക്കെ ഇവിടെയുണ്ട്. അത്തരം രീതികളെല്ലാം മാറ്റാന്‍ പൊലീസിന് സന്ദേശം നല്‍കുന്നതാണ് വനിതകളുടെ രാത്രിനടത്തം. സ്ത്രീകളുടെ കൂടെ നില്‍ക്കാന്‍, അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് സാധിക്കണമെന്ന വലിയ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഇങ്ങനെയാണ് സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുക,” അനുപമ പറഞ്ഞു.

Read Also: രാത്രിനടത്തം: സ്ത്രീകളെ ശല്യം ചെയ്ത യുവാവ് പിടിയില്‍

“ഇങ്ങനെയൊരു പരിപാടിക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് പല സംശയങ്ങളും ഉണ്ടായിരുന്നു. പൊതുജനം ഇതിനെ എങ്ങനെ സ്വീകരിക്കും? ഇതുകൊണ്ട് എന്ത് മാറ്റമാണ് സമൂഹത്തില്‍ ഉണ്ടാകുക എന്നെല്ലാം ഞങ്ങള്‍ ആലോചിച്ചു. പക്ഷേ, പരിപാടിക്ക് ലഭിച്ച പിന്തുണ വളരെ പോസിറ്റീവാണ്. ആരെങ്കിലുമൊക്കെ ഇങ്ങനെയൊരു പരിപാടിക്ക് നേതൃത്വം നല്‍കിയാൽ മാത്രമേ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാകൂ. സര്‍ക്കാര്‍ മുന്നിട്ടിറങ്ങി ഇങ്ങനെയൊരു കാര്യത്തിന് നേതൃത്വം നല്‍കിയാല്‍ നാളെ ജനങ്ങള്‍ ഇത് ഏറ്റെടുക്കും. അതാണ് പരിപാടിയുടെ ലക്ഷ്യവും,” അനുപമ പറഞ്ഞു.

രാത്രി നടത്തത്തിനെത്തിയ യുവതികളോട് സംസാരിക്കുന്ന ടി.വി.അനുപമ

ഇത്തരം പരിപാടികള്‍ ഇനിയും വേണമെന്നാണ് രാത്രിനടത്തത്തില്‍ പങ്കെടുത്ത വനിതകള്‍ പറയുന്നത്. ഒരിക്കല്‍ ഇങ്ങനെ നടന്നതുകൊണ്ട് ഇനിയും അത് തുടരാനുള്ള ആത്മവിശ്വാസം വനിതകളില്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിച്ചു. ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കാന്‍ രാത്രിനടത്തം പോലുള്ള പരിപാടികള്‍ ഇനിയും തുടരുമെന്നും ടി.വി.അനുപമ പറഞ്ഞു.

Read Also: ശെടാ, ഒന്ന് മൂക്ക് ചൊറിയാനും പാടില്ലേ? ക്രിക്കറ്റ് കാണികളെ പൊട്ടിച്ചിരിപ്പിച്ച് അംപയര്‍

അതേസമയം, പൊലീസ് സുരക്ഷയോടെയാണ് നടന്നതെങ്കിലും ചില മോശം അനുഭവം ഉണ്ടായെന്നാണ് കൊച്ചി സ്വദേശിനി പ്രിയ പറയുന്നത്. പാലാരിവട്ടത്തുനിന്നാണ് നടന്നുതുടങ്ങിയത്. ആദ്യം അവിടെ എത്തിയപ്പോൾ പത്ത്, പന്ത്രണ്ട് പേരെ നടക്കാൻ ഉണ്ടായിരുന്നുള്ളൂ. നല്ല പ്രായമായ ഒരു ചേച്ചിയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. സ്ത്രീകൾ കൂട്ടംകൂടി നിൽക്കുന്നതുകണ്ട് അതിലൂടെ നടന്നു പോകുകയായിരുന്ന ഒരു പുരുഷൻ തങ്ങളുടെ അടുത്ത് നിന്ന് സിഗരറ്റ് വലിക്കുകയും മോശമായി നോക്കുകയും ചെയ്‌തു. മാറിനിന്ന് സിഗരറ്റ് വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അയാൾ അത് ചെയ്‌തില്ല. കൂട്ടത്തിലുണ്ടായിരുന്ന പ്രായമായ ചേച്ചി അയാളെ ചോദ്യം ചെയ്‌തു. മാറിനിന്ന് സിഗരറ്റ് വലിച്ചൂടെ എന്ന് ചേച്ചി ചോദിച്ചപ്പോൾ അയാൾ കുറേ ന്യായീകരണങ്ങൾ നടത്തുകയാണ് ചെയ്‌തത്. പിന്നീട് എല്ലാവരും ചേർന്ന് ഇത് ചോദ്യം ചെയ്‌തപ്പോഴാണ് അയാൾ പോയതെന്നും പ്രിയ പറഞ്ഞു.

രാത്രി നടത്തം മികച്ച അനുഭവമായിരുന്നെന്നും ആത്മവിശ്വാസം നൽകിയെന്നും ഷിന പറഞ്ഞു. ഒപ്പം നടക്കാൻ എത്തിയ വനിതകൾ പലരും സാധാരണ ചുറ്റുപാടുകളിൽ നിന്നുള്ളവരായിരുന്നു. അവരിൽ പലരും രാത്രി ഇത്ര വെെകിയൊക്കെ നഗരത്തിലൂടെ നടക്കുന്നത് തന്നെ ആദ്യമായാണ്. തുടർന്നും ഇങ്ങനെ ‘നിർഭയം’ നടക്കാൻ ധെെര്യം നൽകുന്നതാണ് ഇപ്പോഴത്തെ നടത്തമെന്ന് പലരും പറഞ്ഞു. കൂടുതൽ പേരും വളരെ പോസിറ്റീവായാണ് രാത്രി നടത്തത്തെ കണ്ടിരിക്കുന്നതെന്നും ഷിന പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.