തൊടുപുഴ: പൊമ്പിളൈ ഒരുമൈ വീണ്ടും വിവാദത്തിലേയ്ക്ക്.  ഇത്തവണ ഇരുവിഭാഗവും തമ്മിൽ ഓഫീസ് മുറിക്കായുളള വഴക്കാണ് സംഘടനയെ വീണ്ടും വാര്‍ത്താ തലക്കെട്ടാക്കുന്നത്. പ്രസിഡന്റ് ലിസി സണ്ണി വിഭാഗവും സെക്രട്ടറിയായിരുന്ന ആർ. രാജേശ്വരി വിഭാഗവും തമ്മില്‍ ഓഫീസ് മുറിക്ക് മേൽ അവകാശം ഉന്നയിച്ച് നടത്തുന്ന പോരും പരാതിയുമാണ് പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.

പൊമ്പിളൈ ഒരുമൈ അടുത്തിടെയാണ് വിവാദങ്ങളിലേയ്ക്കു വീണത്. മന്ത്രി മണിയുടെ പ്രസ്ജാവനയ്ക്കെതിരെ സംഘടന വിട്ടുപോയ ഗോമതി തിരികെ വന്ന് സമരം ആരംഭിച്ചതും നിലവിൽ പ്രസിഡന്റായിരുന്നുവെന്ന് അവകാശപ്പെടുന്ന ലിസി സണ്ണിയും കൂട്ടരും അതിനോട് യോജിക്കാതിരുന്നതും മുതൽ ആരംഭിച്ച വിവാദമാണ് ഇപ്പോൾ പുതിയ തലത്തിലേയ്ക്ക് ഉയർന്നിരിക്കുന്നത്.

ഓഫീസ് സെക്രട്ടറി രാജേശ്വരിയുടെ നേതൃത്വത്തിലുളള​വിഭാഗം ഓഫീസ് കൈയേറിയെന്നാരോപിച്ചാണ് പൊമ്പിളൈ ഒരുമൈയുടെ ഒരു വിഭാഗത്തിൽപ്പെട്ട ലിസി സണ്ണി മൂന്നാർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഓഫീസ് മുറി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട പരാതിയിൽ ടൗണിൽ പ്രവർത്തിച്ചിരുന്ന ഓഫീസ്, സെക്രട്ടറി രാജേശ്വരിയും കൂട്ടരും കൈയ്യേറിയെന്നും, ഓഫിസിൽ ഉണ്ടായിരുന്ന രേഖകളും,97000 രുപയും, സംഭാവനകൂപ്പണുകളും, കടത്തിയെന്നും പറയുന്നു.

ഇതേ സമയം, ബാങ്കിൽ ഉണ്ടായിരുന്ന സംഘടനയുടെ ഒന്നര ലക്ഷത്തിലധികം രൂപ  ലിസി, ട്രഷററായിരുന്ന സ്റ്റെല്ലാ മേരിയുടെ സഹായത്തോടെ തട്ടിയെടുത്തുവെന്നാണ് രാജേശ്വരിയുടെ ആരോപണം. കഴിഞ്ഞ ഒമ്പത് കമ്മിറ്റികളിൽ പങ്കെടുക്കാത്തതിനെ തുടർന്ന് ഏപ്രിൽ 16ന് ലിസിയെും സ്റ്റെല്ലാ മേരിയെയും ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നുവെന്ന് രാജേശ്വരി അവകാശപ്പെട്ടു.
സംഘടനയുടെ നിയമാവലി അനുസരിച്ച് 11 അംഗ എക്സിക്യൂട്ടീവ് ചേർന്നാണ് ഈ തീരുമാനം എടുത്തത്. പകരം പുതിയ പ്രസിഡന്റായി മുൻ വൈസ് പ്രസിഡന്റായിരുന്ന കൗസല്യയെ തിരഞ്ഞെടുത്തതായും രാജേശ്വരി പറഞ്ഞു. ടൗണിൽ പ്രവർത്തിക്കുന്ന സംഘടനയുടെ ഓഫീസ് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന ട്രഷറുടെ പേരിലാണെന്നും, ലിസിക്ക് സംഘടനയുമായി ഒരു ബന്ധവും ഇല്ലെന്നും അവർ അവകാശപ്പെട്ടു. മന്ത്രി മണിയുടെ രാജി ആവശ്യപ്പെട് പൊമ്പിളൈ ഒരുമൈയൂടെ നേതൃത്വത്തിൽ മൂന്നാർ ടൗണിൽ സമരം നടത്തിയപ്പോൾ​ ലിസി  തിരിഞ്ഞു നോക്കയിതുപോലുമില്ലെന്നും രാജേശ്വരി കുറ്റപ്പെടുത്തി.

എന്നാൽ സി പി എമ്മിൽ നിന്നും മടങ്ങി എത്തിയ ഗോമതിക്ക് പൊമ്പിളൈ ഒരുമൈ എന്ന സംഘടന പിടിച്ചെടുക്കുവാനുള്ള കളികളാണ് നിലവിൽ നടക്കുന്നതെന്നാണ് ലിസി പക്ഷം ആരോപിക്കുന്നു. ഓഫിസ് സംബന്ധിച്ച രേഖകൾ ഹാജരാക്കുവാൻ പോലീസ് ഇരു വിഭാഗങ്ങളോടും ആവശ്യപ്പെട്ടു.
ഒരു വർഷം മുമ്പ് ലോകശ്രദ്ധ ആകർഷിച്ച സമരം നടത്തിയ പൊമ്പിളൈ ഒരുമൈ എന്ന സംഘടന ഇന്ന് ചേരിപ്പോരിൽ ആടിയുലയുന്ന കാഴ്ചയാണ് ലോകം മുഴുവൻ കാണുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ