തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങിപ്പോകും. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സാധിക്കില്ലെന്നും   യുവതീപ്രവേശനത്തിനെതിരാണ് നിയമോപദേശമെന്നും പൊലീസ് തൃപ്തി ദേശായിയെ അറിയിച്ചു. ഇന്ന് രാത്രിയോടെ തൃപ്തി ദേശായി വിമാനത്തില്‍ തിരിച്ചുപോകും.

തൃപ്തി ദേശായി അടങ്ങുന്ന സംഘത്തോട് പൊലീസ് ചര്‍ച്ച നടത്തി. ശബരിമല യുവതീപ്രവേശന വിഷയം കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ കോടതിയില്‍നിന്ന് നിര്‍ദേശം ലഭിച്ചാലേ സംരക്ഷണം നല്‍കാന്‍ സാധിക്കൂയെന്ന് പൊലീസ് പറഞ്ഞു. തൃപ്തിയോട് മടങ്ങിപ്പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

തൃപ്തി ദേശായിയുടെ വരവില്‍ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. “തൃപ്തിയുടെ വരവിനു പിന്നില്‍ ഗൂഢാലോചനയില്ലേയെന്ന് സംശയമുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള മഹാരാഷ്ട്രയില്‍നിന്ന് ശബരിമലയിലേക്ക് ദര്‍ശനം നടത്താന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങുക, പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുക, തൃപ്തിയും സംഘവും എത്തിയ കാര്യം ഒരു മാധ്യമം മാത്രം അറിയുക, ആ മാധ്യമം അക്കാര്യം ലൈവ് ആയി കൊടുക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം ഗൂഢാലോചന നടന്നതായി സംശയമുണ്ട്,” കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read Also: ബിജെപിക്ക് തിരിച്ചടി; മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീം കോടതി

ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ തൃപ്‍തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്ന് പൊലീസ് അറിയിച്ചതായി ശബരിമല കർമസമിതിയും പറഞ്ഞു. പൊലീസില്‍നിന്നു ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍ ഓഫീസിൽ നടത്തിയിരുന്ന പ്രതിഷേധം കർമസമിതി പ്രവർത്തകർ അവസാനിപ്പിച്ചു.

ശബരിമല ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ് സ്ഥാപക തൃപ്തി ദേശായി ഇന്ന് പുലർച്ചയോടെയാണു കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഭൂമാതാ ബ്രിഗേഡിലെ അഞ്ച് നേതാക്കളും സംഘത്തിലുണ്ട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ലെന്നും ഇത്തവണ ശബരിമല ദർശനം നടത്തുമെന്നും കേരളത്തിലേേക്കുള്ള വരവിനു മുന്നോടിയായി തൃപ്തി ദേശായി പറഞ്ഞിരുന്നു.

ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് കത്തയച്ചിട്ടുണ്ടെന്ന് തൃപ്തി ദേശായി പറഞ്ഞു. കോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഇല്ലെങ്കിൽ അത് കോടതിയലക്ഷ്യമാകുമെന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നിലവിൽ ശബരിമലയിലെ സ്ഥിതി ശാന്തമാണ്. നിരവധി ഭക്തജനങ്ങളാണ് ശബരിമല ദർശനത്തിനായി മണ്ഡലകാലം ആരംഭിച്ചതു മുതൽ ശബരിമലയിലെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.