കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി സംഘവും ഉടന്‍ മുംബൈയിലേക്കു മടങ്ങും. ശബരിമലയിലേക്കു പോകാന്‍ സംരക്ഷണം നല്‍കാനാവില്ലെന്നു പൊലീസ് ഉറച്ച നിലപാടെടുത്തതോടെയാണു പിന്മാറാന്‍ തൃപ്തിയും സംഘവും തയാറായത്.

രാത്രി 10.20നുള്ള വിമാനത്തിലാണു തൃപ്തിയും സംഘവും മുംബൈയിലേക്കു തിരിച്ചുപോകുന്നത്. ശബരിമലയില്‍ ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന ഉറച്ചനിലപാടിലായിരുന്നു തൃപ്തി. പൊലീസ് പലവട്ടം നടത്തിയ അനുനയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അവര്‍ നിലപാടില്‍നിന്ന് അയഞ്ഞത്.

തല്‍ക്കാലം മടങ്ങുന്നുവെന്നും ശബരിമല ദര്‍ശനത്തിനു വീണ്ടും വരുമെന്നും തൃപ്തി പറഞ്ഞു. ദര്‍ശനത്തിനു ശ്രമിച്ചാല്‍ ആക്രമണമുണ്ടാകുമെന്നു പൊലീസ് അറിയിച്ചു. മറ്റു മാര്‍ഗങ്ങളില്ലാതെയാണു മടങ്ങുന്നത്. താന്‍ ആക്ടിവിസ്റ്റല്ല, ഭക്തയാണ്. ബിന്ദു അമ്മിണിക്കെതിരായ മുളക് സ്‌പ്രേ ആക്രമണം അപലപനീയമാണെന്നും തിരിച്ചുപോകുന്നതിനു മുന്‍പ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു .

ഇന്നു രാവിലെ ഏഴോടെയാണു തൃപ്തി ദേശായിയും സംഘവും ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയത്. ദര്‍ശനത്തിനു സംരക്ഷണം നല്‍കാനാകില്ലെന്നും യുവതീപ്രവേശനത്തിനെതിരാണ് നിയമോപദേശമെന്നും പൊലീസ് തൃപ്തി ദേശായിയെ അറിയിച്ചു.

ശബരിമല യുവതീപ്രവേശന വിഷയം കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ കോടതിയില്‍നിന്ന് നിര്‍ദേശം ലഭിച്ചാലേ സംരക്ഷണം നല്‍കാന്‍ സാധിക്കൂയെന്നു പൊലീസ് തൃപ്തിയോട് പറഞ്ഞു. ഒടുവില്‍ വൈകീട്ടോടെ മുംബൈയിലേക്കു തിരിച്ചുപോകാന്‍ തയാറാണെന്നു തൃപ്തി പൊലീസിനെ അറിയിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവന്നു. എന്നാല്‍ അക്കാര്യം അവര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഫോണില്‍ സംസാരിക്കവെ നിഷേധിച്ചിരുന്നു. ശബരിമലയില്‍ സന്ദര്‍ശനം നടത്തിയേ മടങ്ങൂയെന്ന കടുത്ത നിലപാടിലായിരു ഈ സമയവും അവര്‍.

” തിരിച്ചുപോകുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. പൊലീസുമായി മൂന്നാം വട്ട ചര്‍ച്ച നടത്തി. അഡീഷല്‍ സിറ്റി പൊലീസ് കമ്മിഷണറുമായുള്ള ചര്‍ച്ച 45 മിനുറ്റ് നീണ്ടു. ദര്‍ശനത്തിനു പോകരുതെന്നും അക്രമത്തിനു സാധ്യതയുണ്ടെന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു,” തൃപ്തി ദേശായി വൈകിട്ട് ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. ഇതിനുപിന്നാലെയാണു ശബരിമല ദര്‍ശനത്തില്‍നിന്നു പിന്മാറാന്‍ തൃപ്തിയും സംഘവും തീരുമാനിച്ചത്.

പൊലീസുമായി നടത്തി അവസാനവട്ട ചര്‍ച്ചയിലാണ് മടങ്ങിപ്പോകാന്‍ തൃപ്തിയും സംഘവും തീരുമാനിച്ചത്. ദര്‍ശനം നടത്താന്‍ സംരക്ഷണം നല്‍കാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം രേഖാമൂലം എഴുതിനല്‍കാന്‍ തൃപ്തി ദേശായ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തില്‍
ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ ശ്രീനാഥിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് കേസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.