കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ഇന്ന് അർധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക്. 52 ദിവസങ്ങൾക്ക് ശേഷമാണ് മത്സ്യ തൊഴിലാളികൾ വീണ്ടും കടലിലേക്ക് പോകുന്നത്. ജൂൺ ഒൻപതിനാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നത്. കാത്തിരിപ്പിനൊടുവിൽ ഇന്ന് കടലിൽ പോകാമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.

ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ കരയ്ക്കു കയറ്റിയ ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തിയും പുതിയ വലയും ഉപകരണങ്ങളും തയാറാക്കിയുമാണ് വീണ്ടും മത്സ്യബന്ധനത്തിന് തയാറായിട്ടുള്ളത്. ബോട്ടിലേക്കുള്ള ഐസ്, കുടിവെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവ നിറയ്‌ക്കുന്ന തിരക്കിലാണ് രണ്ടു ദിവസമായി തൊഴിലാളികൾ.

അതേസമയം, മത്സ്യബന്ധന വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് അടക്കമുള്ളവ വര്‍ധിപ്പിച്ചതിനെതിരായ പ്രതിഷേധവും ശക്തമാണ്. സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധന വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 10 ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ചെറിയ വള്ളങ്ങള്‍ക്ക് 200ല്‍ നിന്ന് 2100 രൂപയായും വലിയ വള്ളങ്ങള്‍ക്ക് 5000ല്‍ നിന്ന് 52,500 രൂപയിലേക്കുമാണു വര്‍ധനവുണ്ടായിരിക്കുന്നത്. പന്ത്രണ്ട് നോട്ടിക്കല്‍ മൈലിന് ശേഷം മാത്രമേ ബോട്ടുകള്‍ മീന്‍പിടിക്കാന്‍ പാടുള്ളൂ എന്ന പുതിയ നിര്‍ദേശവുമുണ്ട്.

ഡീസൽ വില വർധനവിന് ഒപ്പം ലൈസൻസ് ഫീസ് ഉയർത്തിയത് മത്സ്യത്തൊഴിലാളികൾക്ക് ഇരട്ടി പ്രഹരമാണ്. എന്നാൽ കടലമ്മ കനിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇവർ.

ട്രോളിങ് നിരോധനകാലത്തേക്ക് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുഴുവൻ റേഷൻ സാധനങ്ങളും സൗജന്യമായി അനുവദിച്ചിരുന്നു, മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതിയുടെ ഭാ​ഗമായി ലഭിക്കുന്ന 4500 രൂപയുടെ സഹായവും തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. ആകെ 2.69 കോടി രൂപയാണ് ട്രോളിങ് നിരോധന കാലത്ത് സർക്കാർ ധനസഹായമായി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.