കൊച്ചി: കേരള തീരത്ത് ജൂണ്‍ 14 അര്‍ധ രാത്രി മുതല്‍ ജൂലൈ 31 വരെ 47 ദിവസത്തെ ട്രോളിംഗ് നിരോധനം. ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഇതര സംസ്ഥാന ബോട്ടുകളും ജൂണ്‍ 14-ന് മുമ്പായി തീരം വിട്ട് പോകേണ്ടതും, അപ്രകാരം പോകാത്തവ അതത് തീരത്ത് തന്നെ കെട്ടിയിടേണ്ടതുമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

തീരപ്രദേശത്തെ പെട്രോള്‍ ഡീസല്‍ ബങ്കുകള്‍ നിരോധന കാലയളവില്‍ അടച്ചിടേണ്ടതാണെന്നും നിര്‍ദേശമുണ്ട്. യന്ത്രവത്കൃത ബോട്ടുകള്‍ക്ക് നിരോധന കാലയളവില്‍ ഡീസല്‍ നല്‍കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, അനുബന്ധതൊഴിലാളികള്‍, പീലിംഗ് ഷെഡ് തൊഴിലാളികള്‍ എന്നിവര്‍ക്ക് മുന്‍ കാലങ്ങളിലേതുപോലെ സൗജന്യ റേഷന്‍ അനുവദിക്കും.

കഴിഞ്ഞ വര്‍ഷം സൗജന്യ റേഷന്‍ അനുവദിക്കപ്പെട്ട നിലവിലുളള പട്ടികയിലുളളവര്‍ പുതുതായി അപേക്ഷിക്കേണ്ടതില്ല. പുതിയ അപേക്ഷകര്‍ അതത് മത്സ്യഭവന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വേണ്ടത്ര ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കടലിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും, ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി 24 മണിക്കൂറും സജീവമായിരിക്കും. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ വേണ്ടത്ര സുരക്ഷ ഉപകരണങ്ങള്‍ യാനങ്ങളില്‍ കരുതേണ്ടതും, കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കേണ്ടതുമാണെന്നും കലക്ടര്‍ വ്യക്തമാക്കി.

കടല്‍ രക്ഷാപ്രവര്‍ത്തനം ആവശ്യമായിവരുന്ന അവസരങ്ങളില്‍ ഇനി പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. ഫിഷറീസ് കണ്‍ട്രോള്‍ റൂം- 0484-2502768, 9496007037, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് 9496007048. കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ അഴീക്കോട് 0480-2815100, ഫോര്‍ട്ട്‌കൊച്ചി 0484-2215006, 1093, കോസ്റ്റ് ഗാര്‍ഡ് 0484-2218969, 1554 (ടോള്‍ഫ്രീ) നേവി 0484-2872354, 2872353.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ