തിരുവനന്തപുരം: വഞ്ചിയൂരില്‍ മൂലവിളാകം ജംങ്ഷനിൽ വച്ച് സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാറ്റൂര്‍ മുതൽ സ്ത്രീയെ അക്രമി പിന്തുടരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമണശേഷം ഹെൽമറ്റ് ധരിച്ച അക്രമി മുന്നോട്ട് പോകുന്നതാണ് ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽനിന്നും പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്.
വഞ്ചിയൂരില്‍ മൂലവിളാകം ജംങ്ഷനിൽ വച്ച് കഴിഞ്ഞ 13-ാം തീയതി രാത്രി 11 നാണ് സംഭവം നടന്നത്. രാത്രിയില്‍ മരുന്ന് വാങ്ങി ടൂവീലറില്‍ മടങ്ങുമ്പോൾ സ്ത്രീയെ അജ്ഞാതൻ പിന്തുടരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ കയറാന്‍ തുടങ്ങവെ വാഹനം തടഞ്ഞ് നിര്‍ത്തുകയും അതിക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
പ്രതി രക്ഷപ്പെട്ട വാഹനം കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം. ഡിയോ സ്കൂട്ടറിലാണ് പ്രതി സഞ്ചരിച്ചതെന്നാണ് വിവരം. അതേസമയം, അക്രമം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും പ്രതിയെ ഇതുവരെ പൊലീസിനു പിടികൂടാനാവാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.