തിരുവനന്തപുരം: അതിരുകളില്ലാത്ത ആതുരസേവനത്തിന്റെ താരാട്ടായി എസ്എടി ആശുപത്രി. പരാധീനതകൾക്കും പരാതികൾക്കുമിടയിലും കാരുണ്യത്തിന്റെയും ശുശ്രൂഷയുടെയും ലോകത്ത് പുതിയൊരു പാഠമെഴുതി ആരോഗ്യ രംഗത്ത് പാരമ്പര്യമേറെയുളള ​ഈ​ സർക്കാർ ആശുപത്രി. ആരോഗ്യനില വഷളായി ഒപ്പം ആരുമില്ലാതായിപ്പോയ കുഞ്ഞുങ്ങൾക്ക് സാന്ത്വനത്തിന്റെ സ്പർശമായി മാറിയത് ഈ​ സർക്കാർ​ ആശുപത്രിയിലെ ജീവനക്കാരാണ്. ഏതാനും മണിക്കൂറുകളല്ല, ഒരാഴ്ചയോളം മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായി മാറി എസ്എടി ആശുപത്രി. ഭാഷയും വേഷവും ജോലിയുമൊന്നും അതിരുകൾ സൃഷ്ടിക്കാതെ ആതുരസേവനത്തിന്റെ ആത്മാർപ്പണത്തിന്റെ വെളിച്ചമായി മാറി.

ഉപജീവനത്തിനായി നേപ്പാളില്‍ നിന്നും കേരളത്തിലേക്ക് വന്നതായിരുന്നു ആ രണ്ട് നേപ്പാളി കുടുംബങ്ങള്‍. ഭക്ഷ്യവിഷബാധയിൽ ഏഴ് പേരടങ്ങുന്ന കുടുംബത്തിലെ എല്ലാവരും അവശനിലയിലായി. കൂട്ടിരിക്കാന്‍ പോലും ആരുമില്ലാത്ത മൂന്ന് കുരുന്നുകള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നടത്തിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ അനുതാപം നിറഞ്ഞ സേവനമായിരുന്നു. തൊഴിലിന്റെ നിയമപരമായ ചട്ടക്കൂടുകൾക്കപ്പുറം മനുഷ്യ ജീവനോടുളള ആത്മാർത്ഥമായ സമീപനം കൊണ്ടായിരുന്നു അവരുടെ ചികിത്സ.

നേപ്പാളിലെ ഭജന്‍ എന്ന സ്ഥലത്തു നിന്നും പശു ഫാമിലെ ജോലികള്‍ക്കായാണ് ജേഷ്ഠാനുജന്‍മാരായ പ്രേമും ശങ്കറും അവരുടെ ഭാര്യമാരോടും മക്കളോടൊപ്പം കേരളത്തിൽ ജോലിക്കായി എത്തിയത്. മൂന്ന് വര്‍ഷം മുമ്പാണ് രണ്ട് കുടുംബങ്ങളും കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഇവർക്ക് എല്ലാവർക്കും എട്ട് ദിവസം മുമ്പാണ് ഭക്ഷ്യവിഷബാധയേറ്റത്. അവശനിലയിലാണ് നാല് മുതിർന്നവരെയും മൂന്ന് കുഞ്ഞുങ്ങളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എല്ലാവരുടെയും നില മോശമായിരുന്നു. വയറിളക്കവും കടുത്ത പനിയും ബാധിച്ച ഇവർക്ക് മറ്റൊരാൾക്ക് താങ്ങാൻ പോലും പറ്റാത്ത അത്ര മോശമായ ആരോഗ്യനിലയായിരുന്നു. പ്രേം- ജാനകി ദമ്പതികളുടെ മക്കളായ കിരൺ എന്ന മൂന്ന് വയസ്സുകാരനും ഐശ്വര്യ എന്ന ഒന്നരവയസ്സുകാരിയും ശങ്കർ- കലാമതി ദമ്പതികളുടെ അമൃത എന്ന മൂന്നുവയസ്സുകാരിയും ആണ് ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവശ നിലയിലായ മൂന്ന് കുഞ്ഞുങ്ങളെയും ഫെബ്രുവരി 20 നാണ് എസ്എടി ആശുപത്രി ശിശുരോഗപരിചരണ അത്യാഹിത വിഭാഗത്തില്‍ (പീഡിയാട്രിക്  ഐസി) എത്തിച്ചത്.

​ഇവരെയും കൊണ്ട് വന്ന അച്ഛനമ്മമാരെയും ആരോഗ്യം മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ എസ്എടി ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞുങ്ങൾക്കൊപ്പം നിൽക്കാൻ ആരുമില്ലാത്ത അവസ്ഥയുണ്ടായി.

അച്ഛനമ്മമാര്‍ ആശുപത്രിയിലായതോടെ ഒറ്റപ്പെട്ടുപോയ ഈ കുഞ്ഞുങ്ങളെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട ജീവനക്കാര്‍ ഏറ്റെടുത്ത് സ്വന്തം മക്കളെപ്പോലെ ശുശ്രൂഷിച്ചു. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണാവസ്ഥയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ ഉടന്‍ തന്നെ പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റി തീവ്ര പരിചരണം നല്‍കി. സംഭവത്തില്‍ എസ്എടി സൂപ്രണ്ടുള്‍പ്പെടെയുള്ളവര്‍ ഇടപെടുകയും ഈ കുട്ടികളുടെ പ്രത്യേക പരിചരണത്തിനായി ഒരു നഴ്‌സിനെ നിയമിക്കുകയും ചെയ്തു. വയറിളക്കം കാരണം നിരന്തരം ഡയപ്പര്‍ മാറ്റുകയും കുട്ടികള്‍ക്കാവശ്യമായ വസ്ത്രങ്ങളും ഭക്ഷണവും നൽകുകയും ചെയ്തു. കുട്ടികള്‍ക്കാവശ്യമായ പരിശോധനകളും മരുന്നുകളുമുള്‍പ്പെടെ എല്ലാം സൗജന്യമായി ചെയ്തു. നിരന്തര പരിചരണത്തിനൊടുവില്‍ രോഗം ഭേദമായ കുട്ടികളെ വാര്‍ഡിലേക്ക് മാറ്റുകയും നിരീക്ഷണത്തിന് ശേഷം കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

പ്രേം കഴിഞ്ഞ ഒരു വര്‍ഷമായി തിരുവനന്തപുരം കണിയാപുരത്താണ് ജോലിചെയ്തിരുന്നത്. ശങ്കര്‍ കോഴിക്കോട്ടു നിന്നും 15 ദിവസം മുമ്പാണ് ഇവരോടൊപ്പം താമസമാക്കിയത്. നേപ്പാളിൽ നിന്നും കാതങ്ങൾക്കലെ എത്തിയ തങ്ങൾക്ക് ആപത്ഘട്ടത്തിൽ കൈത്താങ്ങായി മാറിയവരോട് നിറഞ്ഞ കണ്ണുകളോടെ നന്ദി പറയുകയാണ് ഈ കുടുംബങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.