ഇന്ത്യ – വിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് തിരുവനന്തപുരം ഒരുങ്ങി കഴിഞ്ഞു. കാര്യവട്ടം ഗ്രീൻ ഫീൾഡ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തോടനുബന്ധിച്ച് തലസ്ഥാന നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ രാത്രി 10 വരെയാണ് നിയന്ത്രണം.
ദേശീയപാതയിൽ കഴക്കൂട്ടം മുതൽ ശ്രീകാര്യം വരെയുള്ള പാതയിൽ രാവിലെ 10 മണി മുതലുള്ള ഗതാഗതം ഒഴിവാക്കാണമെന്ന് പൊലീസ് നിർദ്ദേശിച്ചു. ഈ റോഡിന് ഇരുവശവും ഒരു വാഹനവും പാർക്ക് ചെയ്യാൻ അനുവദിക്കില്ല. മത്സരം കാണനെത്തുന്നവരുടെ വാഹനങ്ങൾ മാത്രമെ കഴക്കൂട്ടം ഭാഗത്ത് നിന്നും ചാവടി മുക്ക് ഭാഗത്ത് നിന്നും കാര്യവട്ടത്തേക്ക് കടത്തിവിടു.
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിൽ എല്ലാത്തരം വാഹനങ്ങളും പാർക്ക് ചെയ്യാവുന്നതാണ് . ബസുകൾ പാർക്ക് ചെയ്യേണ്ടത് കാര്യവട്ടം-തൃപ്പാദപുരം റോഡിന്റെ ഒരു വശത്താണ്.
കാറുകളും ഇരുചക്രവാഹനങ്ങളും എൽഎൻസിപിഇ മൈതാനം, കാര്യവട്ടം സർക്കാർ കോളജ്, കാര്യവട്ടം ബിഎഡ് സെന്റർ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. മറ്റ് ഇരുചക്രവാഹനങ്ങൾ അമ്പലത്തിൻകര മുസ്ലീം ജമാ അത്ത് ഗ്രൗണ്ടിലും കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് പാർക്ക് ചെയ്യേണ്ടത്.
തിരുവനന്തപുരത്തുനിന്നും കൊല്ലം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ഉള്ളൂർ – ആക്കുളം – കുഴിവിള – ബൈപാസ് വഴി പോകണം. കൊല്ലത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ വെട്ടുറോഡിൽ നിന്നും തിരിഞ്ഞ് കാട്ടായിക്കോണം -ചെമ്പഴന്തി – ശ്രീകാര്യം വഴി പോകണം. സ്റ്റേഡിയത്തിലേക്ക് വരുന്നവരുടെ വാഹനങ്ങൾ ഉള്ളൂർ, ശ്രീകാര്യം, കാര്യവട്ടം വഴിയാണു വരേണ്ടതെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.